ധോനിയുടെ ഹർജിയിൽ ഐ പി എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവുശിക്ഷ, അത്യപൂർവ്വ സംഭവം ഇങ്ങനെ

വിധിക്കെതിരെ സമ്പത്തിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനായി ശിക്ഷനടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്.

0
881

ചെന്നൈ: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനി സമർപിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഐ പി എസ് ഉദ്യോഗസ്ഥനെ 15 ദിവസം തടവിന് ശിക്ഷിച്ച് മദ്രാസ് ഹൈക്കോടതി. ഐ പി എല്‍ വാതുവെപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമ്പത്തിനെതിരെ ധോനി മാനനഷ്ടകേസ് കൊടുത്തിരുന്നു.

കേസിനെത്തുടര്‍ന്ന് സമ്പത്ത് കുമാര്‍ എഴുതിനല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ധോനിയുടെ പരാതി.

വിധിക്കെതിരെ സമ്പത്തിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനായി ശിക്ഷനടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഇതിനായി സമ്പത്ത് കുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമെതിരെ ഐ പി എസ് ഉദ്യോഗസ്ഥന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ധോനി വ്യക്തമാക്കി.

ജി സമ്പത്ത് കുമാറിന്റെ മറുപടി കോടതി നടപടികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ, അഡ്വക്കറ്റ് ജനറല്‍ ആര്‍ ഷണ്‍മുഖസുന്ദരമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ ധോനിയ്ക്ക് അനുമതിനല്‍കിയത്.