Wednesday
17 December 2025
24.8 C
Kerala
HomeIndiaമുസഫർനഗർ കലാപം; ബിജെപി നേതാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കുന്നു

മുസഫർനഗർ കലാപം; ബിജെപി നേതാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കുന്നു

അറുപത്തിരണ്ടുപേർ കൊല്ലപ്പെടുകയും 50,000 പേർ പലായനം ചെയ്യുകയും ചെയ്‌ത 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിയടക്കം 12 ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്നു.

ഉത്തർപ്രദേശ് മന്ത്രി സുരേഷ് റാണ, ബിജെപി എംഎൽഎ സംഗീത് സോം, മുൻ ബിജെപി എംപി ഭരതേന്ദു സിങ്, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവരുൾപ്പെടെ 12 ബിജെപി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ മുസഫർനഗറിലെ പ്രാദേശിക കോടതി അനുമതി നൽകി.

നിരോധന ഉത്തരവുകൾ ലംഘിച്ചതിനും പൊതുജന സേവകരെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും തടഞ്ഞതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുന്നത്.

2013 ഓ​ഗസ്റ്റ് അവസാന വാരത്തിൽ സംഘപരിവാർ നേതാക്കൾ മഹാപഞ്ചായത്തിൽ പങ്കെടുത്തുകൊണ്ട് പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കേസും പിൻവലിക്കുന്നവയിലുണ്ട്. ബിജെപി നേതാക്കൾക്കെതിരായ കേസ് തുടരേണ്ടതില്ലെന്ന് യുപി സർക്കാർ തീരുമാനിച്ചതായും കേസ് പിൻവലിക്കാനുള്ള അനുമതി നൽകണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

മുസഫർനഗർ കലാപത്തിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും മറ്റ്‌ ആക്രമണങ്ങൾ നടത്തുകയും ചെയ്‌ത കേസിൽ ആറ്‌ പേരെ മുസഫർനഗർ ജില്ലാ കോടതി വെറുതെവിട്ടു. മതവിദ്വേഷ പ്രചാരണം, കലാപം, കവർച്ച, കൊള്ളിവയ്പ്‌ എന്നിവയുടെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തവരെയാണ്‌ തെളിവില്ലെന്ന്‌ പറഞ്ഞ്‌ വെറുതെവിട്ടത്‌. സിംഭാൽക്ക ഗ്രാമത്തിലെ കാസിമുദ്ദീൻ എന്നയാളുടെ വീട്‌ കൊള്ളയടിച്ച്‌ തീവച്ച പരാതിയിലായിരുന്നു അറസ്‌റ്റ്‌.

 

 

RELATED ARTICLES

Most Popular

Recent Comments