ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയണം; തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ശബരിമലയെ അടർത്തിമാറ്റാനുള്ള ​ഗൂഢലക്ഷ്യത്തിന്റെ ഭാ​ഗമായാണിതെന്നും കോൺഫെഡറേഷൻ ആരോപിച്ചു.

0
209

ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ഭക്തസമൂഹം തിരിച്ചറിയണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ( TDECF ) . തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ശബരിമലയെ അടർത്തിമാറ്റാനുള്ള ​ഗൂഢലക്ഷ്യത്തിന്റെ ഭാ​ഗമായാണിതെന്നും കോൺഫെഡറേഷൻ ആരോപിച്ചു. ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ എത്തുമ്പോൾ ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ച് സു​ഗമമായ ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്നുണ്ട്.

ഭക്തർക്കായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അന്നദാനവും, ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം,സ്നാക്സ് എന്നിവയും നൽകുന്നുണ്ട്. പമ്പ മുതൽ ശബരിമല വരെയുള്ള കാനന പാതയുടെ ഇരുവശങ്ങളിലും വിശ്രമകേന്ദ്രങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്നിധാനത്തും പമ്പയിലും മതിയായ ചികിത്സാ സൗകര്യങ്ങളും ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നും കോൺഫെഡറേഷൻ പറഞ്ഞു.

വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അന്നദാന മണ്ഡപം ഉൾപ്പെടെയുള്ള സൗകര്യങ്ങളേയും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളേയും താഴ്ത്തിക്കാട്ടാനുള്ള ഇവരുടെ പരിശ്രമം ഭക്തസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി എൻ രാമൻ, ജനറൽ സെക്രട്ടറി ജി വാസുദേവൻ നമ്പൂതിരി എന്നിവർ ആവശ്യപ്പെട്ടു.