ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനിടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി. സന്നിധാനത്തെയും പമ്പയിലെയും നിലക്കലിലേയും പൊലീസ് ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് നടപടി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചു. പമ്പ സ്പെഷ്യൽ ഓഫീസർ ആയി ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനനെ നിയമിച്ചു. സന്തോഷ് കെ വി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതല നല്‍കി. അതേസമയം, ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പത്തനംതിട്ട ആര്‍ടിഒ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് നിര്‍ദേശം. അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചു. ദര്‍ശന സമയം ദീര്‍ഘിപ്പിച്ചതിനു പുറമെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് എണ്‍പതിനായിരമായി കുറച്ചെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ശബരിമലയെ സംബന്ധിച്ച പ്രചാരണങ്ങള്‍ രാഷ്ട്രീയ അജണ്ടയോടെയെന്നും, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമക്കി. തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.