അന്തിചർച്ചാ ജഡ്ജി വിനുവും പ്രണയത്തെ വിറ്റ് കാശാക്കാൻ നോക്കിയ നിഷ്പക്ഷ നിരീക്ഷകനും

ഇവനാണ് ആൺകുട്ടി എന്നൊക്കെ വിളിച്ചുപറഞ്ഞു ഫേസ്ബുക്കിൽ പോസ്റ്റിട്ട അനു കല്ലട അടക്കമുള്ള റുവൈസ് ഫാൻസുകാരും ഇപ്പോൾ കമാ എന്നുപോലും മിണ്ടുന്നില്ല. ആൺകുട്ടിയുടെ വീര കഥ പുറത്തുവന്നതോടെ ഫാൻസുകാരും മാളത്തിലായി.

0
1291

ചില നിരീക്ഷകർ അങ്ങനെയാണ്. നിഷ്പക്ഷമായി ഇരുന്ന് നിരീക്ഷിക്കും. കൂട്ടിന് ജഡ്ജി വിനു വി ജോൺ കൂടിയാകുമ്പോ കലുങ്ക് പരദൂഷണക്കാർക്ക് ആവേശം അങ്ങ് കൂടും. സർക്കാരിനെ പുലഭ്യം പറയും. മുഖ്യമന്ത്രിയെ തെറി വിളിക്കും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകൾ വളച്ചൊടിക്കും. പിന്നെ വ്യാജ പ്രചരണം നടത്തി കുത്തിത്തിരിപ്പ് ഉണ്ടാക്കും. പുട്ടിന് പീര ഇടുന്നതുപോലെ ഇടക്കിടക്ക് സ്ത്രീ സുരക്ഷ, അഭിമാനം, അന്തസ് എന്നൊക്കെ വലിയ വായിൽ വിളിച്ചുകൂവും. ഈ ഗണത്തിൽ ശങ്കരൻ വക്കീൽ കഴിഞ്ഞാൽ ഉദിച്ചുയരുന്ന താരമായിരുന്നു ഡോ. റൂവൈസ്. ചെറുതായി ഉദിച്ചുതുടങ്ങുമ്പോഴാണ് കൊട്ടാരക്കര ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ സന്ദീപ് എന്ന പത്തരമാറ്റ് സംഘി കുത്തിക്കൊന്നത്. ഉദയസൂര്യൻ റുവൈസിനെ ജഡ്ജി വിനു വിളിക്കുന്നു. നിഷ്പക്ഷനായി ഇരുത്തി സംസാരിപ്പിക്കുന്നു. റുവൈസ് സാർ ആഞ്ഞടിച്ചു. കലുങ്ക് പരദൂഷണക്കാർക്കൊപ്പം സർക്കാരിനെ പുലഭ്യം പറഞ്ഞു. എൽ ഡി എഫ് സർക്കാർ ഡോക്ടർമാരുടെ സുരക്ഷക്കായി ഒന്നും ചെയ്യുന്നില്ലെന്ന് അലറിവിളിച്ചു. തങ്ങളുടെ സഹോദരിമാരുടെ ജീവന് സുരക്ഷ വേണമെന്ന് ആഞ്ഞടിച്ചു. നേഴ്‌സുമാരും വനിതാ ജീവനക്കാരും വനിതാ ഡോക്ടർമാരും എന്നൊക്കെ പറഞ്ഞ് വിങ്ങിപ്പൊട്ടി. വനിതകളുടെ സുരക്ഷയിൽ ആശങ്കാകുലനായി. സഹോദരിമാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് ആവർത്തിച്ച് പറഞ്ഞു. ആതുര സേവന മേഖലയിലെ വനിതകൾ മാത്രമല്ല, സമൂഹത്തിൽ എല്ലാ സ്ത്രീകൾക്കും സുരക്ഷ വേണമെന്ന് തൊണ്ട കീറി.

ഇതേ റുവൈസ് ആണ് ഇപ്പോൾ ഒരു മുൻ‌കൂർ ജാമ്യത്തിനായി നെട്ടോട്ടമോടുന്നത്. ഇതിനിടയിൽ കേരള പൊലീസ് ടിയാനെ പൊക്കിയിട്ടുണ്ട്.
വിനുവിന്റെയും മറ്റ് അന്തി ചർച്ചാ ജഡ്ജിമാരുടെയും കണ്ണിൽ ഒരു ചീള് കേസിനാണ് റുവൈസിനെ പൊക്കിയത് എന്നാണ്. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ കുറച്ച് സ്ത്രീധനം വേണമെന്ന് റുവൈസ് പറഞ്ഞു. വളരെ കുറച്ച് മാത്രമേ ആവശ്യപ്പെട്ടുള്ളു. 150 പവൻ, 15 ഏക്കർ ഭൂമി, ഒരു ബി എം ഡബ്ല്യൂ കാർ, പിന്നെ കുറച്ച് കോടികൾ കറൻസിയായും. പ്രണയമല്ല, മറിച്ച് പണമാണ് ആവശ്യമെന്നും പറ്റിക്കപ്പെട്ടു എന്നും മനസിലായതോടെ യുവ വനിതാ ഡോക്ടർ സ്വയം മരണം വരിച്ചു. അതിനാണ് നിഷ്പക്ഷനായ നിരീക്ഷകനെ ഇങ്ങനെ വേട്ടയാടുന്നത്. പൊലീസ് കേസ് എടുത്തു. കണ്ണിൽ ചോരയില്ലാതെ ആരോഗ്യമന്ത്രി വീണാ ജോർജ് റുവൈസ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. ചില മാധ്യമങ്ങൾ നിരീക്ഷകനെതിരെ വാർത്ത കൊടുത്തു. എന്നാൽ, ഏഷ്യാനെറ്റ്‌ അടക്കമുള്ള “പിണ്ഡം നോക്കികൾ” തനിക്കൊണം കാണിച്ചു. റുവൈസിന്റെ രാഷ്ട്രീയവും നിലപാടും സർക്കാർ വിരുദ്ധതയും സമർത്ഥമായി മറച്ചുവെച്ചു. നിഷ്പക്ഷനെ വേട്ടയാടുന്നേ എന്നുപോലും ആർത്തുവിളിച്ചില്ല. എന്തുകൊണ്ടോ ജഡ്ജി വിനു ഒന്നും ഉരിയാടിയതുമില്ല. ഇവിടെ സർക്കാരില്ലേ, പൊലീസില്ലേ എന്നൊക്കെ ചോദിച്ച് ഇടയ്ക്കിടെ ഞെട്ടൽ രേഖപ്പെടുത്തുന്നവർ പോലും ഒന്നും പറഞ്ഞില്ല, ഞെട്ടിയതുമില്ല.

റുവൈസിന്റെ പേരും ഊരും മറച്ചുവെച്ച മാധ്യമങ്ങൾ തുടർവാർത്ത കൊടുക്കുന്നതിനും മടി കാട്ടി. ഇവനാണ് ആൺകുട്ടി എന്നൊക്കെ വിളിച്ചുപറഞ്ഞു ഫേസ്ബുക്കിൽ പോസ്റ്റിട്ട അനു കല്ലട അടക്കമുള്ള റുവൈസ് ഫാൻസുകാരും ഇപ്പോൾ കമാ എന്നുപോലും മിണ്ടുന്നില്ല. ആൺകുട്ടിയുടെ വീര കഥ പുറത്തുവന്നതോടെ ഫാൻസുകാരും മാളത്തിലായി. ഫേസ്ബുക്കിലെ അമാനവ ഉത്തമൻമാർ ഇതൊന്നും അറിഞ്ഞിട്ടുമില്ല. “കൂടെയുണ്ട്” ടീംസ് മൗനവ്രതത്തിലുമാണ്. സ്ത്രീധനം വാങ്ങുന്നത് കുറ്റമാണെന്നൊക്കെ അറിയാത്ത ആളല്ല ഈ ചെങ്ങായി. സ്നേഹിച്ച പെണ്ണിനോട് ഒരു ചളിപ്പുമില്ലാതെ കാറും കോടികളും സ്വർണവും ഒക്കെ ചോദിച്ചുവാങ്ങുന്ന തരത്തിലേക്ക് ഫാൻസുകാരുടെ ഇത്തരം “ആണൊരുത്തൻ മാറി എന്നതാണ് വലിയ ദുര്യോഗം. ഇത്തരം ഇരട്ട മുഖമുള്ള റുവൈസുമാരെയാണ് തിരിച്ചറിയേണ്ടത്തും ഒറ്റപ്പെടുത്തേണ്ടതും.