വീണ്ടും കൊവിഡ് ഭീഷണി, ലോകമെങ്ങും ജാഗ്രത, ഇന്ത്യയിലും കേസുകൾ കൂടുന്നു

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മാത്രം ഓസ്ട്രേലിയയിൽ 500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ആഴ്ചകളെ അപേക്ഷിച്ച് 160 ശതമാനം കൂടുതലാണിത്.

0
198

ജനീവ: ഒരിടവേളയ്ക്ക് ശേഷം ലോകത്ത് വീണ്ടും കൊവിഡ് ഭീഷണി. പലയിടങ്ങളിലും ഇതിനകം നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പലഭാ​ഗങ്ങളിലും കോവിഡ് നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കൊവിഡ് കേസുകളുടെ കാര്യത്തിൽ നേരിയ വർധനവുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആക്റ്റീവ്‌ കേസുകളുടെ എണ്ണം 249 ആയി.

ശനിയാഴ്ച മാത്രം 42 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, മലേഷ്യ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് തുടങ്ങിയ പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്.

രൂപാന്തരം സംഭവിച്ചും മാറ്റം സംഭവിച്ചും വൈറസ് ഇപ്പോഴുംപടരുകയാണെന്ന് ലോകാരോ​ഗ്യസംഘടനയുടെ സാംക്രമിക രോ​ഗപ്രതിരോധ വിഭാ​ഗം ഇടക്കാല ഡയറക്ടറായ മരിയ വാൻ കെർഖോവ് പറഞ്ഞു. കൊവിഡ് ഇപ്പോഴും ഭീഷണിയായി തുടരുന്നുണ്ടെന്നും ഇപ്പോൾ പലരാജ്യങ്ങളിലും വ്യാപിക്കുന്നുണ്ടെന്നും മഹാമാരിക്കാലത്ത് ലോകാരോ​ഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് കൂടിയായിരുന്ന മരിയ പറഞ്ഞു.

“ലോകം കൊവിഡിൽ നിന്ന് ഏറെ മുന്നോട്ടുപോയി. ആളുകൾ സ്വയം സുരക്ഷിതരാകാൻ പഠിച്ചു. പക്ഷേ ഈ വൈറസ് എവിടെയും പോയിട്ടില്ല. ഇപ്പോഴും പടരുകയാണ്. മാറിക്കൊണ്ടിരിക്കുകയാണ്. ജീവനെടുത്തുകൊണ്ടിരിക്കുകയാണ്” – മരിയ പറഞ്ഞു.

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മാത്രം ഓസ്ട്രേലിയയിൽ 500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ആഴ്ചകളെ അപേക്ഷിച്ച് 160 ശതമാനം കൂടുതലാണിത്. കോവിഡ് നിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ പലഭാ​ഗങ്ങളിലും മാസ്ക് നിർബന്ധമാക്കി. ഇന്ത്യയിലും ആരോഗ്യ മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനകം പല സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് നിർദേശം നൽകിക്കഴിഞ്ഞു.