ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെ പന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. 2001ല്‍ ഭീകരര്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികമാണ് ഡിസംബര്‍ 13.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ ‘ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍’ (ഡല്‍ഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റര്‍ ഫീച്ചര്‍ ചെയ്ത വീഡിയോയില്‍, തന്നെ കൊല്ലാനുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായും പന്നൂന്‍ പറഞ്ഞു. ഇതിനെതിരെ ഡിസംബര്‍ 13നോ അതിനുമുമ്പോ പാര്‍ലമെന്റിനെ ആക്രമിച്ചുകൊണ്ട് പ്രതികരിക്കുമെന്ന് പന്നൂന്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബര്‍ 22 വരെയാണ് സമ്മേളനം. പന്നൂന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ കെ-2 (കശ്മീര്‍-ഖാലിസ്ഥാന്‍) ഡെസ്‌ക് ഇന്ത്യാ വിരുദ്ധ വിവരണങ്ങള്‍ പ്രചരിപ്പിക്കാനുള്ള തങ്ങളുടെ അജണ്ട തുടരാന്‍ പന്നൂനിന് നിര്‍ദ്ദേശം നല്‍കിയതായും സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു.