‘ അച്ഛന്‍ ഒരു ഗേ ആണല്ലേ ‘ എന്നാണ് മകൻ ചോദിച്ചത് ; കാതൽ സിനിമയെക്കുറിച്ച് സുധി കോഴിക്കോട്

ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് കാതല്‍ ചെയ്തത് എന്നാണ് സുധി പറയുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും താരം പറയുന്നു.

0
1424

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചഭിനയിച്ച കാതല്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ നിറയെ. മമ്മൂട്ടിയുടെ ഇതുവരെയുള്ള സിനിമ ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി കാതൽ സിനിമയിൽ എത്തുന്നത്. അതുതന്നെയാണ് സിനിമ മറ്റുള്ളവയിൽ നിന്നും കൂടുതൽ വ്യത്യസ്ഥമാകാൻ കാരണവും. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയുടെ സംവിധാനം ജിയോ ബേബിയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രമുഖരടക്കം നിരവധി പേരാണ് സിനിമയെ അഭിനന്ദിച്ച് രം​ഗത്ത് വന്നതും . അതേസമയം സിനിമയിൽ മമ്മൂട്ടിയെ പോലെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മറ്റൊരു കഥാപാത്രമായിരുന്നു സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കൻ . ഇപ്പോഴിതാ സിനിമയെ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സുധി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധി മനസ്സ് തുറന്നത്.

ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് കാതല്‍ ചെയ്തത് എന്നാണ് സുധി പറയുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും താരം പറയുന്നു. മമ്മൂക്ക ചെയ്യാന്‍ തയ്യാറായി, പിന്നെ എന്തുകൊണ്ട് തനിക്ക് ചെയ്തൂ കൂടാ എന്നാണ് സുധി ചോദിക്കുന്നത്. സിനിമ വന്‍ വിജയമായതോടെ ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം കാതലാണ്. അതേസമയം ചിത്രത്തിന് എതിരായ സൈബര്‍ ആക്രമണത്തെ കാര്യമായി കാണേണ്ടതില്ലെന്നും സമൂഹം മാറുന്നു എന്നതിന്റെ തെളിവാണ് തങ്കന് ലഭിക്കുന്ന സ്വീകാര്യതയെന്നും സുധി പറയുന്നു.

സിനിമ കണ്ട ശേഷം തന്റെ കുടുംബം പ്രതികരിച്ചതിനെക്കുറിച്ചും സുധി പറയുന്നുണ്ട്. ‘എന്റെ കുടുംബം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എന്റെ ചെറിയ മോന്‍ എന്നെ ഫോണ്‍ വിളിച്ചിട്ട് അച്ഛാ ഞാന്‍ സിനിമ കണ്ടു എന്ന് പറഞ്ഞു. മോന്‍ സിനിമ കണ്ടിട്ട് കരഞ്ഞോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കരഞ്ഞിട്ടൊന്നും ഇല്ല എന്നാലും എനിക്ക് വിഷമം ആയിന്നു പറഞ്ഞു” എന്നാണ് സുധി പറയുന്നത്. അതേസമയം, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മോന്‍ ചോദിച്ചത് അച്ഛന്‍ ഒരു ഗേ ആണല്ലേ എന്നാണെന്നും സുധി തുറന്നു പറയുന്നു.ഞാന്‍ അവനോട് ഗേ എന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ എന്ന് ചോദിച്ചു. ആ എനിക്ക് അറിയാം എന്ന് അവന്‍ പറഞ്ഞു. ഞാന്‍ അവനോട് അച്ഛന്‍ വരട്ടെ കൂടുതല്‍ പറഞ്ഞു മനസിലാക്കി തരാം എന്നാണ് പറഞ്ഞതെന്നും സുധി പറയുന്നു. നമ്മള്‍ കുട്ടികളെ എഡ്യൂക്കേറ്റ് ചെയ്യണം എന്നും കുട്ടികള്‍ ഇതൊക്കെ മനസിലാക്കണമെന്നും സുധി പറയുന്നു.

തന്റെ ഭാര്യയ്ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നും അസാധ്യ സിനിമ എന്നായിരുന്നു ഭാര്യയുടെ പ്രതികരണമെന്നും സുധി പറയുന്നു. നീ ഇത്രയും കാലം കഷ്ടപ്പെട്ടതിന്റെ റിസള്‍ട്ട് ആണ് ഈ വിജയം എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്നും സുധി പറയുന്നു. അതേസമയം, ഒരുപാട് സെറ്റുകളില്‍ പോയി പലരും അപമാനിച്ച് ഇറക്കി വിട്ട വേദനകള്‍ ഉണ്ടായിട്ടുണ്ടെന്നും സുധി വെളിപ്പെടുത്തുന്നു. എന്നാല്‍ തന്നെ സഹായിച്ചവരും ഉണ്ടെന്ന് സുധി പറയുന്നു. വേദനിപ്പിച്ചവരെ ഞാന്‍ കുറ്റപ്പെടുത്തുന്നുമില്ല. അത്രയേറെ വേദനകള്‍ അനുഭവിച്ചു വന്നതുകൊണ്ട് തന്നെ നല്ല സന്തോഷത്തിലാണ് ഇപ്പോഴെന്നും സുധി പറയുന്നു. അതേസമയം മമ്മൂട്ടിയ്്‌ക്കൊപ്പമുള്ള സുധിയുടെ നാലാമത്തെ സിനിമയാണിത്. മുമ്പ് പാലേരി മാണിക്യത്തില്‍ പതിമൂന്ന് ദിവസത്തോളം അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ അതൊക്കെ കട്ട് ചെയ്തു പോവുകയായിരുന്നുവെന്നാണ് സുധി ഓര്‍ക്കുന്നത്.