നിയമപരമാണ്, പിന്നെന്തിന് പിന്‍വലിച്ചു? രണ്ടായിരത്തിന്റെ 97.26 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ ബി ഐ

ആയിരം രൂപയുടെ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ടാണ് രണ്ടായിരം രൂപ നോട്ടുകള്‍ എത്തിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലും നടപ്പിലാക്കിയ ഈ പദ്ധതിയും തെറ്റായിപ്പോയി എന്ന് സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ ആര്‍ ബി ഐ നടപടി.

0
419

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയതിന് പിന്നാലെ നോട്ടുകൾ സാധുതയുള്ളതാണെന്ന അറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബർ ഒന്നിന് ആർ ബി ഐ പുറപ്പെടുവിച്ച ഉത്തരവിലാണ് രണ്ടായിരത്തിന്റെ നോട്ടുകൾ നിയമപരമാണെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നത്. 2000 രൂപയുടെ കറൻസികൾ രാജ്യത്ത് നിയമപരമായി തുടരുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വ്യക്തമാക്കുന്നു.

റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച്, 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. തുടക്കത്തില്‍, 2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റി വാങ്ങാനും ബാങ്കുകള്‍ അവസരം നല്‍കിയിരുന്നു. ഇത് പിന്നീട് 2023 ഒക്ടോബര്‍ 7 വരെ നീട്ടി. ഇതിന് ശേഷവും 2.7 ശതമാനം വോട്ടുകള്‍ സമ്പദ് വ്യവസ്ഥയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഈ നോട്ടുകള്‍ തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയാണ് ആര്‍ ബി ഐ.

‘ക്ലീന്‍ നോട്ട് പോളിസി’ യുടെ ഭാഗമായാണ് പ്രചാരത്തില്‍ നിന്ന് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ ബി ഐ തീരുമാനിക്കുന്നത്. രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. നവംബര്‍ 30 ആയപ്പോൾ 9,760 കോടി രൂപയായി കുറഞ്ഞു. ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ ഇപ്പോള്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിവാങ്ങാനും അവസരമുണ്ട്. ഈ സാഹചര്യത്തിലാണ് ഏതാനും ആഴ്ചകൾ കൂടി രണ്ടായിരം നോട്ടിന് നിയമപരമായി സാധുത ഉണ്ടെന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചശേഷവും കറൻസിക്ക് നിയമപരമായി സാധുത ഉണ്ടെന്ന പുതിയ ഉത്തരവ് പരക്കെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. പലയിടങ്ങളിലും രണ്ടായിരത്തിന്റെ നോട്ട് ഇപ്പോൾ സ്വീകരിക്കാറില്ല. മാത്രമല്ല, ബാങ്കുകൾ ഇവ മാറ്റിനൽകുന്നുമില്ല. ഇതിനിടയിലും എന്തിനാണ് ഇങ്ങനെയൊരു നീക്കം എന്നതിന് വ്യക്തമായ വിശദീകരണം നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

നിയമപരമാക്കുമ്പോഴും എന്തിനാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ വലിയ പ്രചാരണത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ സമ്പദ് വ്യവസ്ഥയില്‍ എത്തിച്ചത്. ആയിരം രൂപയുടെ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചശേഷമാണ് രണ്ടായിരം രൂപ നോട്ടുകള്‍ എത്തിച്ചത്. കള്ളപ്പണം തടയുന്നതിനുവേണ്ടിയായിരുന്നു രണ്ടായിരത്തിന്റെ കറൻസി ഇറക്കുന്നത് എന്നായിരുന്നു പ്രചാരണം. എന്നാൽ, പരിഷ്ക്കാരങ്ങൾ ആകെ പാളിപ്പോയി എന്നാണ് പുതിയ ഉത്തരവും വ്യക്തമാക്കുന്നത്. ഈ പാളിച്ച സ്വയം സമ്മതിക്കുന്നതാണ് ഇപ്പോഴത്തെ ആര്‍ ബി ഐ നടപടി.