ഇന്ത്യയുടെ മൂന്നാമത്തെ വനിത ഗ്രാന്‍ഡ് മാസ്റ്റര്‍; ചരിത്രമെഴുതി പ്രാഗ്നാനന്ദയുടെ സഹോദരി വൈശാലി

ഗ്രാന്‍ഡ് മാസ്റ്റര്‍മാരാകുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോര്‍ഡും ഇതോടെ വൈശാലിയുടേയും പ്രഗ്‌നാനന്ദയുടേയും പേരിലായി.

0
425

ചെന്നൈ: ചെസില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രാഗ്നാനന്ദയുടെ സഹോദരി വൈശാലി രമേഷ്ബാബുവും ചരിത്രം സൃഷ്ടിക്കുകയാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് വൈശാലി. തുര്‍ക്കിയില്‍ നടന്ന എല്‍ ലോബ്രേഗറ്റ് ചെസ് ടൂര്‍ണമെന്റില്‍ തുര്‍ക്കി താരം ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പിച്ചാണ് വൈശാലി മുന്നേറിയത്.

ഫിഡെ റേറ്റിങ്ങില്‍ 2500 പോയിന്റുകള്‍ സ്വന്തമാക്കിയാണ് വൈശാലി ഗ്രാന്റ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. ഗ്രാന്‍ഡ് മാസ്റ്റര്‍മാരാകുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോര്‍ഡും ഇതോടെ വൈശാലിയുടേയും പ്രഗ്‌നാനന്ദയുടേയും പേരിലായി.

2015ലെ അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പ് വൈശാലി വിജയിച്ചിരുന്നു. വൈശാലിയുടെ വിജയത്തില്‍ അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു.