ഇന്ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 മത്സരമാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. റായ്പൂരിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിർണായക ഏറ്റുമുട്ടലിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് മത്സരം നടക്കുമോ ഇല്ലിയോ എന്ന ആശങ്കയിലാണ് ആരാധകർ.
2009 മുതൽ സ്റ്റേഡിയത്തിലെ വൈദ്യുതി ബിൽ അടച്ചിട്ടില്ല. 3.16 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഇതുമൂലം 5 വർഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം നൽകിയ താൽക്കാലിക കണക്ഷൻ മാത്രമാണ് ഇപ്പോൾ ഉള്ളത്. സ്റ്റേഡിയം പ്രവർത്തിപ്പിക്കാൻ ഈ കണക്ഷൻ പര്യാപ്തമല്ല.
കാണികളുടെ ഗാലറിയും ബോക്സിലും മാത്രമേ നിലവിൽ വൈദ്യുതിയുള്ളൂ. ഫ്ലഡ്‌ലൈറ്റുകൾ പ്രവർത്തിക്കണമെങ്കിൽ ജനറേറ്റർ ആവശ്യമാണ്. സ്റ്റേഡിയത്തിന്റെ താൽക്കാലിക കണക്ഷന്റെ ശേഷി വർധിപ്പിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ടെന്ന് റായ്പൂർ റൂറൽ സർക്കിൾ ഇൻചാർജ് അശോക് ഖണ്ഡേൽവാൾ പറഞ്ഞു.
നിലവിൽ 200 കെവിയാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെവിയായി ഉയർത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ബാക്കി ചെലവ് കായിക വകുപ്പാണ് വഹിക്കേണ്ടത്. വൈദ്യുതി ബില്ലിന്റെ പേരിൽ ഇരു വകുപ്പുകളും പരസ്പരം പഴിചാരുകയാണ്.