റിയാദ്∙: ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരത്തിനിടെയാണ് അനുവദിച്ച പെനൽറ്റി അവസരം വേണ്ടെന്നുവച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ ഞെട്ടിച്ചത്. റിയാദിലെ അൽ അവാൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോ എതിർ ടീമിന്റെ ബോക്സിൽ വീണപ്പോഴാണു റഫറി പെനൽറ്റി അനുവദിച്ചത്. എന്നാൽ റഫറിയുമായി സംസാരിച്ച റൊണാൾഡോ പെനൽറ്റി കിക്ക് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
വാർ പരിശോധനയ്ക്കു ശേഷം റഫറി പെനൽറ്റി പിൻവലിച്ചു. രണ്ടു വട്ടം ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായിട്ടുള്ള പെർസ്പോളിസ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോൾ നേടിയെങ്കിലും റഫറി അനുവദിച്ചില്ല.
ഇറാൻ ക്ലബ്ബായ പെർസ്പോളിസും സൗദി ക്ലബ് അൽ നസ്റും തമ്മിലുള്ള പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. 17–ാം മിനിറ്റിൽ അൽ നസ്ർ താരം അലി ലജാമി ചുവപ്പുകാർഡ് കണ്ടു പുറത്തായി.മത്സരത്തിൽ ഗോൾ അടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും സാധിക്കാതെ പോയി.
രണ്ടാം പകുതിയിൽ ഒരു ഹൈബോൾ നേരിടാനുള്ള ശ്രമത്തിനിടെ റൊണാൾഡോയുടെ കഴുത്തിനു പരുക്കേറ്റിരുന്നു. തുടർന്ന് 77–ാം മിനിറ്റിൽ താരത്തെ അൽ നസ്ർ പിൻവലിച്ചു. മത്സരം സമനിലയിലായെങ്കിലും അൽ നസ്ർ ടൂർണമെന്റിന്റെ നോക്കൗട്ട് ഉറപ്പിച്ചു. ഇ ഗ്രൂപ്പിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ചാണ് അൽ നസ്ർ പെർസ്പോളിസിനെ നേരിടാൻ ഇറങ്ങിയത്.