മലപ്പുറം:കേരളത്തെ തകർക്കണമെന്ന ചിന്തയാണ് യുഡിഎഫിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ നന്മ ആഗ്രഹിക്കാത്തതുകൊണ്ടാണ് നവകേരള സദസ് പോലെ ഒരു പരിപാടിയെ ബഹിഷ്‌കരിക്കുന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ നവകേരള സദസിന്റെ വേദിയായ കാലിക്കറ്റ് സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാം ഒന്നിച്ചു നിന്ന് നമ്മുടെ നാടിൻറെ വികസനം ഉറപ്പുവരുത്തണം. അതിനാണ് നവകേരള സദസ്സുകൾ സംഘടിപ്പിക്കുന്നത്. 2011 മുതൽ 21 വരെയുള്ള കാലം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നതാണ്. മഹാപ്രളയവും കോവിഡ് മഹാമാരിയും വന്നിട്ടും നമ്മൾ തകർന്ന് പോയില്ല. യുഡിഎഫ് അധികാരത്തിൽ വന്ന കാലവും ഇരുന്ന കാലവും അധികാരത്തിൽ നിന്ന് ഇറങ്ങുന്ന കാലവും പരിശോധിക്കണം. അതിലെ വ്യത്യാസം മനസ്സിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാർ ചെയ്തത് പദ്ധതികൾ പ്രഖ്യാപിക്കുക മാത്രം ആയിരുന്നു ചെയ്തത്. ഇപ്പോൾ യുഡിഎഫ് വലിയ വാശിയോടെ പരിപാടി ബഹിഷ്കരിക്കുക മാത്രമല്ല പരിപാടി തകരാൻ ആവുന്നതെല്ലാം ചെയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത് ജനങ്ങൾ ഏറ്റെടുത്തു. ജനലക്ഷങ്ങളുമായാണ് സംവദിച്ചത്. കേരളത്തിലെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്നാണ് ജനങ്ങൾ പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.