കുസാറ്റ് ഫെസ്റ്റിനിടെ മഴ, തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു; 46 പേർക്ക് പരിക്കേറ്റു

ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്

0
243

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് തിരക്കിൽ 4 പേർ മരിച്ചു 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു.

ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറി. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാർത്ഥികളാണെന്നാണ് കരുതുന്നത്. എന്നാൽ പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.