ഡെറാഡൂൺ : ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്. രക്ഷാ പ്രവർത്തനം അവസാനഘട്ടത്തിലാണെന്നും അടുത്ത മണിക്കൂറുകളിൽ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുറത്തെത്തുന്ന തൊഴിലാളികൾക്ക് വൈദ്യസഹായം നൽകാനായി ആംബുലൻസ് ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിട്ടുണ്ട്.
എൻഡിഐർഎഫ് അംഗങ്ങൾ ഉടൻ തന്നെ തൊഴിലാളികളുടെ അടുത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇടയ്ക്ക് ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പൈപ്പിൽ തട്ടിയതിനെത്തുടർന്ന് കുറച്ചുനേരത്തേക്ക് രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. 12നായിരുന്നു തുരങ്കത്തിൽ അപകടം നടന്നത്.