പനാജി: ഗോവയിലെ ദാബോലിം വിമാനത്താവളത്തിലെ റൺവേയിൽ തെരുവ് നായ നിൽക്കുന്നതിനെ തുടർന്ന് വിസ്താര വിമാനം താഴെ ഇറക്കാതെ തിരിച്ചു വിട്ടു. ദാബോലിം വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങേണ്ട വിമാനമാണ് ബംഗളൂരു വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടത്. റണ്‍വേയില്‍ നായയെ കണ്ടതിനെതുടര്‍ന്ന് ഉടന്‍ ലാന്‍ഡ് ചെയ്യരുതെന്ന് പൈലറ്റിനോട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പൈലറ്റ് വിമാനം ബംഗളൂരൂവിലേക്ക് തിരിച്ചുപറത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം റൺവേയിൽ തെരുവ് നായ കയറുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. ഇതേതുടർന്ന് വിസ്താരUk 881 വിമാനം ബംഗളൂരു കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ബംഗളൂരുവില്‍ നിന്ന് ദബോലിം വിമാനത്താവളത്തിലേക്കുള്ള സമയം. അതേസമയത്തിനുള്ളില്‍ തന്നെ പൈലറ്റ് യാത്രക്കാരെ ഗോവ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും റണ്‍വേയില്‍ നായയെ കണ്ടതിനെതുടര്‍ന്ന് വിമാനം തിരികെ പറത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ബംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് കയറിയ യാത്രക്കാര്‍ എത്തിയത് അഞ്ച് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞശേഷമാണ്. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇന്നലെ ഉച്ചക്ക് 12.55ന് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട വിമാനം മൂന്ന് മണിയോടെ തിരിച്ചെത്തിയതായും വൈകീട്ട് 4.55ന് പുറപ്പെട്ട വിമാനം വൈകീട്ട് 6.15ന് ഗോവയിലെത്തിയതായും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഗോവ വിമാനത്താവളത്തിലെ റണ്‍വേ നിയന്ത്രണത്തെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതെന്നായിരുന്നു എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു.
English Summary: Vistara flight diverted back to Bengaluru due to a stray dog on Goa airport runway.