ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്നുമക്കളുമടക്കം നാലുപേരെ വെട്ടിക്കൊന്നു; ഭർതൃമാതാവിന് ഗുരുതരം

അക്രമിയെന്ന്‌ സംശയിക്കുന്ന ആളിന്റെ ചിത്രം സിസിടിവിയിൽ.

0
1721

ഉഡുപ്പി: ഉഡുപ്പിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചെത്തിയ അജ്ഞാതൻ അമ്മയെയും മൂന്നു മക്കളെയും കുത്തിക്കൊന്നു. കെമ്മണ്ണു ഹംപൻകട്ടയിലെ ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഹസീനയുടെ ഭർത്താവിന്റെ അമ്മ ഹാജിറ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ ഒമ്പതോടെ മാസ്ക് ധരിച്ചെത്തിയ അക്രമി മൂന്നുപേരെ കുത്തിവീഴ്ത്തി രക്ഷപ്പെടുന്നതിനിടെ ബഹളംകേട്ട്‌ പുറത്തുനിന്ന് വന്ന അസീമിനെയും കുത്തുകയായിരുന്നു. ഉഡുപ്പി മൽപേ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്തി നഗറിലാണ് നടുക്കുന്ന സംഭവം. ഹസീനയുടെ ഭർത്തൃമാതാവ് ഹാജിറക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സാരമായ പരിക്കുകളോടെ ഇവരെ ഉഡുപ്പിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഹസീനയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമി ആദ്യം ഹസീനയെയും മറ്റു രണ്ടു മക്കളെയുമാണ് ആദ്യം വെട്ടിക്കൊന്നത്. ബഹളവും നിലവിളിയും കേട്ട് പുറത്തുവന്ന 12 വയസുകാരനായ മകനെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉഡുപ്പി ജില്ലാ പൊലീസ് മേധാവി അരുൺകുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും കുറ്റവാളികളെ ഉടൻ പിടികൂടാൻ കഴിയുമെന്നും എസ് പി പറഞ്ഞു. സംഭവസമയം അയൽവാസിയായ പെൺകുട്ടി അക്രമി രക്ഷപ്പെടുന്നത് കണ്ടുവെങ്കിലും പിന്നീട് വന്ന് ഈ കുട്ടിയേയും ഭീഷണിപ്പെടുത്തിയതായി ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. ഹാജിറയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കുളൂരിയിൽ പൂട്ടിയിടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഹസീനയും മക്കളും മരിച്ചിരുന്നു.

ഹസീനയുടെ ഭർത്താവ് മുഹമ്മദ് നൂർ വിദേശത്താണ്. ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസ് നിഗമനം. വീട്ടിൽനിന്നും വിലപ്പെട്ട ഒരു സാധനങ്ങളും നഷ്ടപ്പെട്ടിട്ടില്ല. സ്വത്ത് സംബന്ധമായും മറ്റു കുടുംബപരമായും ചില ബന്ധുക്കളുമായി ഹസീനയുടെ കുടുംബം വലിയ സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് വിശദമായി പരിശോധന നടത്തി. സംഭവത്തിൽ ഉഡുപ്പി എസ് പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

അക്രമിയെന്ന്‌ സംശയിക്കുന്ന ആളിന്റെ ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്യിലൊരു കറുത്ത സഞ്ചിയുമായി നടന്നുവരുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. അക്രമി സന്തക്കട്ടെയിൽ നിന്ന് ഓട്ടോറിക്ഷയിൽ വന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൃത്യം നടത്തിയശേഷം സന്തക്കട്ടെയിലേക്ക് മടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരു ശൈലിയിൽ കന്നഡ സംസാരിച്ചാണ്‌ അക്രമി തന്റെ ഓട്ടോറിക്ഷയിൽ കയറിയതെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു.

അഫ്‌നാൻ എയർ ഇന്ത്യ ജീവനക്കാരിയാണ്. ഐനാസ് ലോജിസ്റ്റിക്സ് വിദ്യാർത്ഥിയാണ്. അസീം എട്ടാംക്ലാസ് വിദ്യാർഥിയും. മൂത്തമകൻ ആസാദ് ബംഗളൂരുവിൽ ഇൻഡിഗോ ജീവനക്കാരൻ.

English Summary: NRI’s wife, 3 children brutally murdered in Udupi; assailant caught on camera.