ഈ 68-ാം കേരളപ്പിറവി വേളയിൽ സംസ്ഥാനം ഒരു പുതിയ ചുവടുവെക്കുകയാണ്, ‘കേരളീയം 2023’. കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചു പറയുവാനുമുള്ള ഒരു അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചാഘോഷിക്കാൻ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയമുണ്ടാകും.
ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ആശയപരമായ അടിത്തറ പാകുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റു പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഐക്യകേരളം രൂപീകൃതമാകുന്നതിന് ചുക്കാൻപിടിച്ചിട്ടുണ്ട്. ഐക്യകേരളത്തിന്റെ സൃഷ്ടിക്ക് കാരണമായ മുന്നേറ്റങ്ങളുടെ പാരമ്പര്യവും തുടർച്ചയും അവകാശമായിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരളസൃഷ്ടിക്ക് ഉതകുന്ന ഇടപെടലുമായി മുന്നോട്ടുപോകുന്ന ഘട്ടമാണിത്. ഈയൊരു സവിശേഷ ഘട്ടത്തിൽ തന്നെയാണ് കേരളത്തിന്റെ മഹോത്സവമായ കേരളീയം ആരംഭിക്കുന്നതും. അതിൽ ഒരു കാവ്യഭംഗിയുണ്ട്.
കേരളം ഭൂമിയിലെ തന്നെ അത്യപൂർവ ദേശമാണ്. ഈ അപൂർവത ലോകം മുഴുവൻ സഞ്ചരിച്ചവർ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാർത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേൽവിലാസമായത് അങ്ങനെയാണ്. പലദേശങ്ങളും അവരുടെ തിലകക്കുറിയാക്കി മാറ്റിയ ഒട്ടേറെ സവിശേഷതകൾ ഒരുമിച്ച് ഈ നാട്ടിൽ സമ്മേളിക്കുന്നത് അത്യപൂർവതയല്ലാതെന്താണ്? ദേശസൗന്ദര്യം കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷംകൊണ്ടും നാം മലയാളികൾ വ്യതിരിക്തരാണ്.