എറണാകുളം; കോൺഗ്രസിൽ കലാപം, ഹൈബി വേണ്ടെന്ന് നേതാക്കൾ, ദീപ്തിയെ പരിഗണിക്കണമെന്ന് പ്രാദേശിക നേതൃത്വം

കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആയി ഒതുങ്ങേണ്ട നേതാവല്ല ദീപ്തി എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

0
908

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി പുതുമുഖത്തെ പരിഗണിക്കാൻ കോൺഗ്രസ്. നിലവിലെ എംപി ഹൈബി ഈഡനോട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് താല്പര്യമില്ല. നിലപാടുകളിലെ മയപ്പെടുത്തലും പ്രവർത്തനരംഗത്ത് വേണ്ടത്ര ശോഭിക്കാത്തതും രാഹുൽ ഗാന്ധി അടക്കമുള്ളവർ തുറന്നുപറഞ്ഞിരുന്നു. കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന വിവാദമായ പരാമർശവും ഹൈബിക്ക് തിരിച്ചടിയായി. ഇക്കുറി ഒരു വനിതാ നേതാവിനെ പരിഗണിക്കണം എന്നതും പുതുമുഖ സ്ഥാനാർഥിയിലേക്കുള്ള വഴി തുറക്കും എന്നുറപ്പാണ്.

ദീപ്തി മേരി വർഗീസിനെ ഇത്തവണ കോൺഗ്രസ് പരിഗണക്കണം എന്നതാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആയി ഒതുങ്ങേണ്ട നേതാവല്ല ദീപ്തി എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. സമരങ്ങളിലും മറ്റു പൊതുപ്രവർത്തന രംഗത്തും വളരെ സജീവമായി നിൽക്കുന്ന ദീപ്തിയെ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാത്തതിൽ എറണാകുളം കോൺഗ്രസിലും വലിയ പ്രതിഷേധമുണ്ട്. അടുത്തിടെ മാത്രം സജീവമായ ജെബി മേത്തറിനെ രാജ്യസഭാ എംപി ആയി തീരുമാനിച്ചപ്പോൾ ചില നേതാക്കൾ ഇടപെട്ട് ദീപ്തിയുടെ പേര് വെട്ടുകയായിരുന്നു.

ഹൈബിയുടെ പല ഇടപെടലുകളും വിവാദമായപ്പോൾ തൃക്കാക്കര, കലൂർ, വൈപ്പിൻ അടക്കമുള്ള മേഖലകളിൽ കോൺഗ്രസിന് തുണയായത് ദീപ്തിയുടെ ഇടപെടലുകളായിരുന്നു. ചെല്ലാനം വിഷയം ഒരു ജനതയുടെ ആകെ സങ്കടമായി പെയ്തപ്പോൾ അവിടെ ആശ്വാസം പകർന്നു വന്നതും ദീപ്തിയായിരുന്നു. പി ടി തോമസിന്റെ അകാലനിര്യാണത്തിനുശേഷം ദീപ്തിയെ സ്ഥാനാർത്ഥിയാക്കണം എന്ന പൊതുവികാരമായിരുന്നു തൃക്കാക്കരയിൽ. എന്നാൽ, സഹതാപവും മണ്ഡലത്തിന്റെ സാധ്യതയും കണക്കിലെടുത്ത് അവസാന നിമിഷം ദീപ്തിയുടെ പേര് വെട്ടി. പിന്നീട രാജ്യസഭാ സ്ഥാനാർഥി പട്ടിക വന്നപ്പോഴും ഈ യുവനേതാവിന്റെ പേര് കോൺഗ്രസ് പരിഗണിച്ചില്ല. ഇതിനുപകരം അടുത്തിടെ സജീവമായ ജെബി മേത്തറിനെ കോൺഗ്രസ് സ്ഥാനാര്ഥിയാക്കുകയായിരുന്നു. ഇതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം നിലനിൽക്കുക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഏറ്റവും സജീവമായ നേതാവ് ആയിട്ടും ദീപ്തിയെ നേതൃത്വം പരിഗണിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പ്രതിഷേധം കോൺഗ്രസ് നേതാക്കളെ അറിയിച്ചുകഴിഞ്ഞു.

അഭിഭാഷക എന്ന നിലയിലും സജീവ ഇടപെടൽ നടത്തുന്ന ദീപ്തിയെ ഇക്കുറി സ്ഥാനാർത്ഥിയാക്കണം എന്ന പൊതുവികാരമാണ് എറണാകുളം ജില്ലയിൽ ഉള്ളത്. ബ്രഹ്മപുരം അടക്കമുള്ള വിഷയങ്ങൾ ഉയർന്നപ്പോൾ അത് കോൺഗ്രസിന് അനുകൂലമാക്കി മാറ്റിയെടുത്തത് ദീപ്തിയുടെ ഇടപെടൽ ആയിരുന്നു. ബ്രഹ്മപുരം പിന്നീട് വലിയ ചർച്ച ആയപ്പോൾ മാധ്യമങ്ങളിൽ അടക്കം ദീപ്തിയുടെ ഇടപെടൽ ചർച്ചയാവുകയും ചെയ്തു.

ദീപ്തിയുടെ ഇടപെടലിനെതുടർന്നാണ് ബ്രഹ്മപുരം വിഷയം ചർച്ച ആയതും. ഇത്തരമൊരു സാഹചര്യത്തിൽ ദീപ്തിയെ പോലുള്ള നേതാക്കളെ അവഗണിക്കരുത് എന്നാണ് വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.

English Summary: Leaders say no to Hibi, local leadership to consider Deepti.