ന്യൂസ്‌ക്ലിക്ക് കേസ്: ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്, മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം

ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് കർഷക സമരമുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ച ന്യൂസ് ക്ലിക്കിനെതിരെ നടപടികൾ ആരംഭിച്ചത്.

0
150

ന്യൂഡൽഹി: യുഎപിഎ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന ന്യൂസ്‌ക്ലിക്ക് അധികൃതരുടെ ഹർജിയിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും.

ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത, എച്ച്ആർ മേധാവി അമിത് ചക്രബർത്തി എന്നിവരാണ് കേസ് റദ്ദാക്കണമെന്ന് കാണിച്ച് രണ്ട് ഹരജികൾ നൽകിയിട്ടുള്ളത്. സമാന സ്വഭാവമുള്ള ഹർജികൾ നേരത്തെ ദൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ഹർജിക്കാർക്കുവേണ്ടി ഹാജരായി.

പ്രബീർ പുരകായസ്തയുടെ പ്രായം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നാളെ കോടതി അവധിക്കായി പിരിയുകയാണ്. ഇനി ഏറ്റവും അടുത്ത പ്രവർത്തി ദിവസം ഒക്ടോബർ മുപ്പതാണ്. അന്ന് കേസ് പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. 71 വയസ്സ് പ്രായമുള്ള പ്രബീർ പുരകായസ്ത നിലവിൽ ജയിലിലാണ്.

ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് കർഷക സമരമുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ച ന്യൂസ് ക്ലിക്കിനെതിരെ നടപടികൾ ആരംഭിച്ചത്. ന്യൂസ് ക്ലിക്ക് മേധാവികളുടെയും ജീവനക്കാരുടെയും മുൻജീവനക്കാരുടെയും വസതികളിലും ഓഫീസുകളിലും ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു.