സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹർജികൾ തള്ളി സുപ്രീംകോടതി

നാല് പ്രത്യേക വിധികളാണ് ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്.

0
464

ന്യൂഡൽഹി: രാജ്യത്ത് സ്വർവഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. സ്‌പെഷൽ മാര്യേജ് ആക്ടനുസരിച്ച് സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ടുപേർ സ്വവർഗവിവാഹത്തിന്റെ നിയമസാധ്യതയോട് അനുകൂലിച്ചപ്പോൾ മൂന്നുപേർ വിയോജിച്ചു. ഇതോടെ 3– 2ന് ഹർജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അനുകൂലിച്ച് വിധി പ്രഖ്യാപിച്ചപ്പോള്‍ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ വിധിയോട് വിയോജിച്ചു. അതേസമയം, നാല് വ്യത്യസ്ത വിധികളായിരുന്നു സ്വവർഗ വിവാഹത്തിന്റെ നിയമസാധുതയിൽ ഉണ്ടായിരുന്നത്.

വിഷയത്തിൽ എല്ലാ ജഡ്ജിമാർക്കും ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും ലൈംഗികതയും ഒന്നായിരിക്കണമെന്നില്ലെന്നും വിധി പ്രഖ്യാപനത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. നാല് പ്രത്യേക വിധികളാണ് ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് നാല് പ്രത്യേക വിധികൾ പുറപ്പെടുവിച്ചത്. ചിലകാര്യങ്ങളിൽ ബെഞ്ചിന് യോജിപ്പാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്വവർഗദമ്പതികൾ, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ, സാമൂഹ്യസംഘടനകൾ തുടങ്ങി വിവിധ കക്ഷികൾ നൽകിയ 20 ഹർജികളാണ് പരിഗണിച്ചത്‌. സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌, ഹിന്ദു മാരേജ്‌ ആക്ട്‌, ഫോറിൻ മാരേജ്‌ ആക്ട്‌ തുടങ്ങിയ നിയമങ്ങൾ സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാത്തത്‌ ചോദ്യംചെയ്‌താണ്‌ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. പത്തു ദിവസം വാദം കേട്ടശേഷമാണ് ചൊവ്വാഴ്ച വിധി പറഞ്ഞത്.

സ്വവർഗ ലെെംഗികത നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും വാദം കേൾക്കലിനിടെ സുപ്രീംകോടതി പറഞ്ഞിരുന്നു.

English Summary: Same-sex marriage: No legal recognition, rules SC by 3-2 majority.