സ്വപ്‌നതീരത്ത്‌ കേരളം; പച്ചക്കൊടി വീശി ആദ്യ കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി, അഭിമാനക്കൊടുമുടിയിൽ വിഴിഞ്ഞം

സമരത്തിലടക്കം പങ്കെടുത്ത്‌ വിഴിഞ്ഞം പദ്ധതിക്കെതിരെ പലതവണ പരസ്യമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സ്വീകരണത്തിനെത്തി.

0
133

തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് നാലുമണി. പുറംകടലിൽ നങ്കൂരമിട്ട, ചൈനയിൽനിന്നുള്ള ചരക്കുകപ്പലായ ഷെൻഹുവ- 15 ൽ നിന്ന് ഹോൺ മുഴങ്ങി. ബെർത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി ഫ്‌ളാഗ്‌സ് ഇന്‍ ചെയ്തു വരവേറ്റു. വാട്ടർ സല്യൂട്ടിന്റെ അകമ്പടിയോടെ ഷെൻഹുവ 15 ഔദ്യോഗികമായി ബെർത്തിലേക്ക്. പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ ചരക്ക്‌ കപ്പൽ തീരം തൊട്ടു. കേരളമൊന്നടങ്കം അഭിമാനത്തിന്റെ കൊടുമുടിയേറിയ നിമിഷം. ആഹ്ലാദവും ഹർഷാരവവും അണപൊട്ടിയൊഴുകി. തടിച്ചുകൂടിയ ആയിരങ്ങളുടെ നിറഞ്ഞ കയ്യടികൾക്കൊപ്പം വരവേൽപ്പിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും. അങ്ങനെ ലോക തുറമുഖ നഗരമെന്ന പട്ടികയിലേക്ക് വിഴിഞ്ഞവും കൈയ്യൊപ്പ് ചാർത്തി. മഹാമാരിയിലും പ്രതിഷേധത്തിന്റെ മറവിലുള്ള സമരാഭാസങ്ങളിലും പതറാതെയുള്ള എൽഡിഎഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യം വിഴിഞ്ഞത്തെ ലോകത്തോളമെത്തിച്ചു. സമരത്തിലടക്കം പങ്കെടുത്ത്‌ വിഴിഞ്ഞം പദ്ധതിക്കെതിരെ പലതവണ പരസ്യമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും എം വിൻസെന്റ് എംഎൽഎയും സ്വീകരണത്തിനെത്തി.

തുടർന്ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. വിഴിഞ്ഞം ഇടവകയും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. വിഴിഞ്ഞം വികാരി മോന്‍സിഞ്ഞോര്‍ നിക്കോളസ് മന്ത്രിമാര്‍ക്ക് ഒപ്പം തുറമുഖം ബെര്‍ത്ത് സന്ദര്‍ശിച്ചു.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്ന ചടങ്ങിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥ ആയിട്ടും പ്രൗഢഗംഭീരമായ സ്വീകരണച്ചടങ്ങ് കാണാൻ സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നായി കുടുംബസമേതം ജനങ്ങൾ എത്തി. ഫ്‌ളാഗ്‌സ് ഇന്‍ ചടങ്ങ് കഴിഞ്ഞിട്ടും ആളുകൾ എത്തിക്കൊണ്ടിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായ വിഴിഞ്ഞം യാഥാർഥ്യമായതിലെ ആഹ്ലാദവും ചടങ്ങിനെത്തിയവർ പങ്കുവെച്ചു. സ്വീകരണച്ചടങ്ങ് കാണാൻ എത്തിയവർക്കായി കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേക സർവീസും ഒരുക്കിയിരുന്നു.

English Summary: CM Pinarayi Vijayan Flags In First Ship Into Vizhinjam Port.