കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

0
187
കനത്ത മഴയിൽ വെള്ളം കയറിയ കഴക്കൂട്ടം 110 കെ വി സബ്‌സ്റ്റേഷൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്.

തിരുവനന്തപുരത്ത് മലയോര- നഗരമേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. തിരുവനന്തപുരത്ത് ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. കഴക്കൂട്ടത്ത് നാല്‍പതിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനാല്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി.ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തു. വെഞ്ഞാറമ്മൂട് നിര്‍മ്മാണത്തിലിരുന്നതടക്കം രണ്ട് വീടുകള്‍ തകര്‍ന്നു. വാമനപുരം തെറ്റിയാര്‍ നദികള്‍ കരകവിഞ്ഞൊഴുകി. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

സമീപകാലത്തെ അപേക്ഷിച്ച് കൂടുതല്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതാണ് വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്നും 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തെയും മലയോര മേഖലകളെയും മഴ ഒരു പോലെ ബാധിച്ചു.

ടെക്‌നോപാര്‍ക്കിലെ താഴത്തെ നിലയില്‍ വെള്ളം നിറഞ്ഞു. ആറ്റിങ്ങല്‍, മംഗലപുരം, കഠിനംകുളം, അണ്ടൂര്‍ക്കോണം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റിയിട്ടുണ്ട്. പോത്തൻകോട് ബൈക്കിൽ പോവുകയായിരുന്ന യുവാവിന് മേൽ വീടിന്റെ മതിൽ തകർന്നു വീണു, കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ശക്തമായ മഴയിൽ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇടപ്പള്ളി, എംജി റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചങ്ങമ്പുഴ പാർക്ക്, തമ്മനം കലൂർ, തൈക്കുടം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കൊച്ചി എംജി റോഡിലും കലൂരും ശക്തമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വെള്ളം കയറിയതിനാൽ ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളിൽ ഗതാഗതതടസവും ഉണ്ടായി. മരടില്‍ പച്ചക്കറി മാര്‍ക്കറ്റും റോഡുകളും വെള്ളത്തിനടിയിലായി.

തൃശൂർ മലക്കപ്പാറ റോഡില്‍ മണ്ണിടിഞ്ഞു. ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കണ്ടിവാതുക്കലില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് തീ പിടിച്ചു. മിന്നലിന്റെ ആഘാതത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട റാന്നിയിലും വെള്ളം കയറി റോഡുകളും വീടുകളും മുങ്ങി.

English Summary: Orange alert in Thiruvananthapuram, Pathanamthitta, Alappuzha and Kollam districts.