കന്യാകുമാരിയിൽ മെഡിക്കൽ വിദ്യാർഥിനി മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയ സംഭവം; അധ്യാപകൻ അറസ്റ്റിൽ

അധ്യാപകൻ ശാരീരികമായും രണ്ട് സീനിയർ വിദ്യാർഥികൾ മാനസികമായും പീഡിപ്പിച്ചെന്നും ആത്മഹത്യാകുറിപ്പിൽ.

0
441
അറസ്റ്റിലായ അധ്യാപകൻ ഡോ. പരമശിവം, ഒളിവിലുള്ള ഡോ. ഹരീഷ്, ഡോ. പ്രീതി എന്നിവർ.

കന്യാകുമാരി: കുലശേഖരം ശ്രീ മൂകാംബിക മെഡിക്കൽ കോളേജിലെ വിദ്യാർഥിനി സ്വയം മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത (27) ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനായ മധുര സ്വദേശി ഡോ. പരമശിവത്തെ (65) പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയുടെ ആത്മഹത്യയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ കേസന്വേഷണം സിബിസിഐഡിക്ക് കൈമാറി.

ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിലാണ് ഡോ. പരമശിവത്തെ അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണം അടക്കമുള്ള ആരോപണം പരമശിവത്തിനെതിരെ ഉയർന്നിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം മറ്റു വകുപ്പുകൾ കൂടി ചുമത്തുമെന്നും സിബിസിഐഡി ഡിവൈഎസ്പി രാജ്‌കുമാർ പറഞ്ഞു. സംഭവത്തിൽ ഡോ. ഹരീഷ്, ഡോ. പ്രീതി എന്നിവർക്കെതിരെയും ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇരുവരും ഒളിവിലാണ്.

മെഡിക്കൽ പി ജി രണ്ടാം വർഷ വിദ്യാര്‍ഥിനിയാണ് സുകൃത. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് സുകൃത ജീവനൊടുക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഒക്ടോബർ ആറിന് വൈകുന്നേരമാണ് സുകൃതയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരുന്ന് സ്വയം കുത്തിവച്ചാണ് സുകൃത ജീവനൊടുക്കിയത്. സഹപാഠികൾ ഹോസ്റ്റലിൽ തിരിച്ചെത്തി പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് സുകൃതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരം പൊലീസ് വാതിൽ തകർത്താണ് അകത്ത് കടന്ന് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, മണിക്കൂറുകൾ മുമ്പേ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സുകൃത കിടന്നിരുന്ന സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. തന്റെ മരണത്തിന് അധ്യാപകനും രണ്ട് സീനിയർ വിദ്യാർഥികളുമാണ് കാരണമെന്ന് കുറിപ്പിൽ പറഞ്ഞിരുന്നു. അധ്യാപകനായ ഡോ. പരമശിവം തന്നെ ശാരീരികമായി പീഡിപ്പിക്കുകയും സീനിയർ വിദ്യാർഥികളായ ഡോ. ഹരീഷും ഡോ. പ്രീതിയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ആരോപണവിധേയരെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്നാട് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അടക്കം പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം കടുത്തതോടെ വെള്ളിയാഴ്ച രാത്രിയാണ് പരമശിവത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. തക്കല ഡിവൈഎസ്പി ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരമശിവത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇതിന് മുമ്പും ഇതേ കോളേജിൽ വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതൊന്നും പുറലോകം അറിയാതെ കോളേജ് മാനേജ്മെന്റ് ഒതുക്കി തീർത്തതായാണ് ആക്ഷേപം. ഇവിടെ എത്തുന്ന വിദ്യാർത്ഥികളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിൽ നിന്നുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് സിബിസിഐഡി ഡിവൈഎസ്പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സിബിസിഐഡി അന്വേഷണം തുടങ്ങിയതോടെ ആരോപണവിധേയരായ ഡോ. പ്രീതിയും ഡോ. ഹരീഷും ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടങ്ങിയതായി സിബിസിഐഡി ഡിവൈഎസ്പി രാജ്‌കുമാർ അറിയിച്ചു. സംഭവത്തിൽ ദേശീയ മെഡിക്കൽ കൗൺസിൽ കോളേജ് അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Teacher arrested in relation with Medical Students suicide in Kanyakumari.