പുല്ലു വെട്ടുന്നതിനിടെ യുവാവിനെ പെരുമ്പാമ്പ് വരിഞ്ഞുചുറ്റി; എല്ലുകള്‍ ഒടിഞ്ഞു, മസിലുകള്‍ക്കും ഗുരുതര പരിക്ക്

മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് മലമ്പാമ്പിനെ കാലില്‍ നിന്നും നീക്കാനായത്.

0
74810

എറണാകുളം: കങ്ങരപ്പടിയിൽ വീടിനു സമീപത്ത് പുല്ല് വെട്ടുന്നതിനിടെ തൊഴിലാളിയെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്. പാമ്പിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എറണാകുളം കങ്ങരപ്പടിയിലാണ് സംഭവം. അളമ്പില്‍ വീട്ടില്‍ സന്തോഷിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ സന്തോഷിന്റെ ഇടതുകാലിന്റെ പേശി തകർന്നു. മുട്ടിനു താഴെ രണ്ട് ഒടിവുണ്ട്. രണ്ടുകാലുകൾക്കും പരിക്കുണ്ട്. മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇടതുകാൽ ഒടിഞ്ഞ നിലയിൽ സന്തോഷിനെ കൊച്ചി ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കങ്ങരപ്പടി ബസാറിനടുത്ത് തച്ചംവേലിമല റോഡിൽ കാവുങ്ങമൂലയിൽ റെജി വർഗീസിന്റെ പറമ്പിൽ വെള്ളിയാഴ്ചയാണ് സംഭവം. മെഷിൻ ഉപയോഗിച്ച് സന്തോഷ് പുല്ലുവെട്ടുകയായിരുന്നു. ഇതിനിടെയാണ്‌ പുല്ലിനിടയിൽ കിടന്ന പെരുമ്പാമ്പ് മെഷിൻകൊണ്ട് പരിക്കേറ്റതോടെ സന്തോഷിന്റെ കാലിൽ ചുറ്റിയത്. കാലിൽ ചുറ്റിവരിഞ്ഞതോടെ തറയിൽവീണ സന്തോഷ്, പാമ്പിന്റെ വാലിൽ പിടിച്ച് കുടഞ്ഞ് വിടുവിക്കാൻ ശ്രമിച്ചു. വളർന്നുനിന്ന പുല്ലുകൾക്കിടയിലായിരുന്നു പെരുമ്പാമ്പ് ഉണ്ടായിരുന്നത്. ഏറെനേരം പെരുമ്പാമ്പ് കാലില്‍ വരിഞ്ഞുമുറുക്കി. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് പാമ്പിനെ കാലില്‍ നിന്നും നീക്കാനായത്. പിന്നീട് പാമ്പുപിടിത്തക്കാരൻ രൂപേഷ് അഞ്ചുമന സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തെങ്ങും പാമ്പിനെ കണ്ടെത്താനായില്ല.

പരിക്കേറ്റ സന്തോഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തലനാരിഴക്കാണ് സന്തോഷിന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വീട്ടുവളപ്പിൽ ഒരുവർഷത്തിനിടെ കണ്ടെത്തിയ അഞ്ചാമത്തെ പെരുമ്പാമ്പാണിത്. പാമ്പ് തൊട്ടടുത്ത പെരിയാർവാലി കനാൽവഴി എത്തിയതാണെന്ന് റെജി പറഞ്ഞു.

English Summary: Labour coiled by python in Kochi Kangarappadi.