കൂത്തുപറമ്പ്: ബസിലിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്തുമരിച്ചു. തലശേരി– കൂത്തുപറമ്പ് റോഡിൽ കതിരൂർ ആറാംമൈൽ മൈതാനപ്പള്ളിക്കുസമീപം വെള്ളി രാത്രി 8.30നാണ് നാടിനെ നടുക്കിയ ദുരന്തം. ഓട്ടോഡ്രൈവർ പാനൂരിനടുത്ത പാറാട് കണ്ണങ്കോട്ടെ പിലാവുള്ളതിൽ അഭിലാഷ് (36), പിലാവുള്ളതിൽ സജീഷ് (30) എന്നിവരാണ് മറിഞ്ഞ ഓട്ടോറിക്ഷയ്‌ക്കുള്ളിൽ കുടുങ്ങി വെന്തുമരിച്ചത്. സ്വകാര്യ ബസ് എതിരെ വന്ന സിഎന്‍ജി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തലശേരിയിൽനിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. പാറാട് കണ്ണങ്കോട്ടുനിന്ന് മൈതാനപ്പള്ളിക്കടുത്ത വീട്ടിലേക്ക് വരികയായിരുന്ന കെഎൽ–58 എജി 4784 ഓട്ടോയിൽ യാത്രചെയ്‌തവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പെട്ടെന്നു തന്നെ ഓട്ടോ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവർ അയൽവാസികളാണ്. രണ്ടു മൃതദേഹങ്ങളും കത്തിക്കരിഞ്ഞു. ഓട്ടോറിക്ഷയ്‌ക്കിടയിൽ കുടുങ്ങിപ്പോയതിനാലാണ് ഇവർക്ക് രക്ഷപ്പെടാനാകാതെപോയത്. വണ്ടിമറിഞ്ഞയുടൻ നാട്ടുകാർ ഓടിയെത്തിയിരുന്നു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനവും അസാധ്യമായി. വെള്ളമൊഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം ബസ് അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പരേതനായ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ: ജാൻസി. സഹോദരങ്ങൾ: അനീഷ്, പ്രസന്ന, ശോഭ. അവിവാഹിതനായ സജീഷ് പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. സഹോരങ്ങൾ: ഷൈമ, ഷബ്‌ന.