പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; കർണാടകത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ആലം ബാഷയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

0
268

ബംഗളൂരു: പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. വിജയനഗർ ജില്ലയിലാണ് സംഭവം. ഹൊസ്പേട്ട് സിദ്ധലിംഗപ്പ ചൗക്കി സ്വദേശി ആലം ബാഷ (20)യെയാണ് ഹൊസ്പേട്ട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമമായ ‘വാർത്താഭാരതി’ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ-ഹമാസ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹൊസ്പേട്ട്, വിജയനഗര എന്നിവിടങ്ങളിൽ ചിലർ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ദേശവിരുദ്ധ വീഡിയോകൾ പ്രചരിപ്പിച്ച് ഇവർ ഹോസ്‌പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തി. ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാൽ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ആലം ബാഷയെ കസ്റ്റ‍ഡിയിലെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ആലം ബാഷയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്തശേഷം എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

English Summary: Hospet Man Arrested By Police For Uploading Pro-Palestine WhatsApp Status.