ബീഹാർ ട്രെയിൻ അപകടം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്, രാജധാനി ഉള്‍പ്പെടെ വഴി തിരിച്ചുവിട്ടു

ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാലുമരണം, നൂറിലേറെപ്പേർക്ക് പരിക്ക്.

0
203

പട്ന: ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി 11.35 ഓടെയാണ് അപകടമുണ്ടായത്. ഡല്‍ഹിയിലെ അനന്ത് വിഹാര്‍ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിനിന്റെ 12 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ വൈദ്യുത തൂണുകളും സിഗ്നൽ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകർന്നു. പട്‌ന, ഝജ്ജ, കിയൂൾ, ജാസിദിഹ്, പാടലീപുത്ര എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായകമായ ദീൻ ദയാൽ ഉപാധ്യായ-ഹൗറ റൂട്ടിലെ ട്രെയിൻ ആണ് പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് ഡല്‍ഹി രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. പാസഞ്ചർ ട്രെയിനുകളും ​ഗുഡ്സ് ട്രെയിനുകളും തിരിച്ചുവിട്ടു. സംഭവത്തിൽ കേന്ദ്ര റെയില്‍വേമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടർന്ന് യാത്രക്കാരെ കൊണ്ടുപോകാനായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. പാളം തെറ്റിയ കോച്ചുകൾ ട്രാക്കിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

English Summary: Bihar train accident; 4 dead, poor maintenance may have caused derailment.