കർണാടകയിൽ പടക്കക്കടകൾക്ക് തീപിടിച്ചു; 12 പേർ വെന്തുമരിച്ചു

ട്രക്കിൽനിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയായിരുന്നു ദുരന്തം.

0
275

ബംഗളൂരു: കർണാടകത്തിൽ പടക്കകടകൾക്ക് തീ പിടിച്ച് 12 പേർ വെന്തുമരിച്ചു. കർണാടക- തമിഴിനാട് അതിർത്തിയായ ആനെക്കൽ താലൂക്കിലെ അത്തിബെലെയിൽ ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ദാരുണ സംഭവം. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞും ചിന്നിച്ചിതറിയ നിലയിലുമാണ്. ആരൊക്കെയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കടയുടമ അടക്കം നാലുപേരെ ഗുരുതര പൊള്ളലുകളോടെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തീ പടരുന്നതിനിടെ നാലുപേർ റോഡിലേക്ക് ഓടിരക്ഷപ്പെട്ടു.

കടയും ഗോഡൗണും ഒന്നിച്ചുപ്രവർത്തിക്കുന്ന ഇവിടെ 20 തൊഴിലാളികളാണുണ്ടായിരുന്നത്. കടയുടമകളിൽ ഒരാളായ നവീൻ കണ്ടെയ്‌നർ വാഹനത്തിൽ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങൾ അടങ്ങിയ പെട്ടികൾ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടായത്. തീപ്പൊരി കടയിലേക്ക് വീണതോടെ ശേഖരിച്ചുവച്ച പടക്കങ്ങൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. തൊട്ടടുത്ത കടകളിലേക്കും തീ വ്യാപിച്ചു. കണ്ടെയ്നർ ലോറിയും ഭാഗികമായി കത്തിനശിച്ചു. കടക്കുള്ളിലെ ഗോഡൗണിൽ ഉണ്ടായിരുന്നവരാണ് ദുരന്തത്തിൽപ്പെട്ടത്. വൻശബ്ദത്തോടെ പടക്കങ്ങൾ പൊട്ടിത്തെറിച്ചു. മണിക്കൂറുകളോളം പ്രദേശമാകെ പുക കൊണ്ട് മൂടി. അതിനടുത്തുള്ള അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ അഞ്ച് കടകളിലേക്കും തീ പടർന്നു. നാല് കടകൾ പൂർണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. പുകച്ചുരുളുകൾ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ബംഗളുരു – ചെന്നൈ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

സംഭവമറിഞ്ഞ് അഞ്ച് ഫയർ യൂണിറ്റുകൾ രണ്ടര മണിക്കൂറിലേറെ പ്രയത്നിച്ചശേഷമാണ് തീ കെടുത്താനായത്. 12 പേർ വെന്തുമരിച്ചതായി ബംഗളൂരു ജില്ലാ പൊലീസ് മേധാവി മല്ലികാർജുൻ ബാൽതാണ്ടി പറഞ്ഞു. ദീപാവലി ആഘോഷത്തിനായി ഇവിടെ വൻതോതിൽ പടക്കം ഇറക്കിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ചുരുങ്ങിയത് അഞ്ചുകോടി രൂപയുടെ പടക്കം സ്റ്റോക്ക് ചെയ്തിരുന്നുവെന്നും കണ്ടെത്തി. സംഭവത്തിൽ പൊലീസും ഫയർഫോസും അന്വേഷണം തുടങ്ങി. രാമസ്വാമി റെഡ്‌ഡി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്നാണ് അധികൃതർ പറഞ്ഞത്. ഇയാൾക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

സംഭവസമയത്ത് ജീവനക്കാരും അല്ലാത്തവരുമായി ഇരുപത്തിമൂന്നോളം പേരുണ്ടായിരുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്താനായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കടയുടെ അകത്തും ചേർന്നുള്ള ഗോഡൗണിലും ജോലി ചെയ്തിരുന്നവർ പുറത്തു കടക്കാനാവാതെ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. തീ പൂർണമായും അണഞ്ഞാൽ മാത്രമേ പരിശോധന നടത്തി മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിടാനാകൂയെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്ഥലത്തെത്തി.

English Summary: Karnataka; 12 dead in Anekal cracker outlet fire tragedy.