ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ശനിയാഴ്ച പൊന്നിൽ കുളിച്ച് ഇന്ത്യ. ടീം വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘം രാജ്യത്തിന് സുവർണ ശനിയാണ് സമ്മാനിച്ചത്. പുരുഷ വിഭാഗം കബഡി, ക്രിക്കറ്റ് എന്നെ ഇനങ്ങളിൽ പൊന്നണിഞ്ഞപ്പോൾ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സ്വർണം നേടി പുതിയ ചരിത്രം കുറിക്കുകയും ചെയ്തു. വനിതാ ഹോക്കിയിൽ ടീം ഇന്ത്യ വെങ്കലമെഡൽ നേടി.
ഏറെ നാടകീയവും ആവേശവും പ്രതിഷേധവും ഒക്കെ നിറഞ്ഞുനിന്ന കലാശക്കളിയിൽ ഇറാനെ പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗം കബഡിയിൽ ഇന്ത്യ സ്വർണപ്പതക്കം അണിഞ്ഞത്. പോയിന്റിനെച്ചൊല്ലിയുള്ള തര്‍ക്കവും നാടകീയ നിമിഷങ്ങളും കണ്ട മത്സരത്തില്‍ ഇറാനെ 33-29 എന്ന സ്കോറിനാണ് ഇന്ത്യ കീഴടക്കിയത്. ഇരുടീമുകളും തമ്മില്‍ തര്‍ക്കം തുടര്‍ന്ന പശ്ചാത്തലത്തില്‍ മത്സരം ദീര്‍ഘനേരം നിർത്തിവെച്ചു. മത്സരത്തിനിടയിലുണ്ടായ ഇറാൻ താരങ്ങൾ പ്രതിഷേധിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. വനിതകളുടെ വിഭാഗത്തിലും ചൈന തായ്പേയിയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണം നേടിയിരുന്നു.
പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് റാങ്കിങ്ങിലെ മുൻതൂക്കം വച്ച് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ 112 ന് 5 എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ കളി മുടക്കിയത്. മത്സരം പുനരാരംഭിക്കാൻ സാധിക്കില്ലെന്ന ഘട്ടം വന്നതോടെയാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്. ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു. മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യന്‍ ഗെയിംസ് സംഘാടകർ തീരുമാനിക്കുകയായിരുന്നു.
ബാഡ്മിന്റണ്‍ മത്സരത്തിൽ പുതിയ ചരിത്രം കുറിച്ചാണ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി ചരിത്രം കുറിച്ചത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം.
വനിത വിഭാഗം ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. ജപ്പാനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 104 ആയി ഉയര്‍ന്നു. 28 സ്വര്‍ണം, 35 വെള്ളി, 41 വെങ്കലം എന്നിങ്ങനെയാണ് മെഡലുകള്‍. 187 സ്വര്‍ണം ഉള്‍പ്പടെ 354 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
English Summary: Asian Games; India clinch gold in kabaddi, cricket, badminton, archery.