കോഴിക്കോട്: വടകരയിൽ യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയതിനു പിന്നാലെ വീട്ടിൽ വൻ ആഘോഷം. ഭാര്യ പോയതിനു പിന്നാലെ 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചുമാണ് ഭർത്താവ് ആഘോഷിച്ചത്. സമീപവാസികളെയും സുഹൃത്തുക്കളെയും വിളിച്ചായിരുന്നു ആഘോഷം. കഴിഞ്ഞ ദിവസമാണ് യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോയത്.
വീട്ടിൽ പന്തലൊരുക്കിയ ശേഷം ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. ബിരായണി വിളമ്പിയതിന് പുറമെ കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു. വിരുന്നിൽ പങ്കെടുക്കാനെത്തിയവർക്ക് മദ്യം വിളമ്പാനും യുവാവ് മറന്നില്ല. കരോക്കെ ഗാനമേളയ്ക്കൊപ്പം യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും നൃത്തം ചെയ്തു. ഇതോടെ കല്യാണ വീടിന്റെ പ്രതീതിയായി. ഭാര്യ പോയതിൽ മാനസികമായി വിഷമമുണ്ടെന്നും, മനസിലെ പ്രയാസം അകറ്റാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നായിരുന്നു ഭർത്താവിൻറെ വിശദീകരണം.
ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യൂട്യൂബിൽ നിരവധിപ്പേരാണ് നിലവിൽ വീഡിയോ കണ്ടിരിക്കുന്നത്. മറ്റ് സമൂഹമാധ്യമങ്ങളിലും വീഡിയോ വൈറലാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുവതി ഒളിച്ചോടിയ സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.