ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ചരിത്രം കുറിച്ച് ഇന്ത്യ. വനിതകളുടെ കബഡിയില്‍ പൊന്നണിഞ്ഞാണ് ചരിത്രപരമായ നേട്ടത്തിലേക്ക് ഇന്ത്യ കുതിച്ചത്. ഇതിനുപുറമെ അമ്പെയ്ത്തിലും ഇന്ത്യ സ്വർണമെഡൽ നേടിയിരുന്നു. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം ഇന്ത്യ നിലനിർത്തുകയാണ്.
ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിലാണ് ഇന്ത്യൻ വനിതകൾ കബഡിയിൽ സുവർണ പതക്കമണിഞ്ഞത്. വെറും വാശിയും ഒരുപോലെ ത്രസിപ്പിച്ച ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 26-25 എന്ന സ്‌കോറില്‍ തോല്‍പിച്ചായിരുന്നു ഇന്ത്യന്‍ വനിതകളുടെ സുവര്‍ണനേട്ടം. ഇന്ത്യയുടെ സൂപ്പർ റൈഡർമാരായ പൂജ ഹത്‌വാല, പുഷ്പ റാണ എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് സ്വർണനേട്ടം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഓരോ പോയിന്റ് വീതം മാറിമറിഞ്ഞാണ് മത്സരം പുരോഗമിച്ചത്. എന്നാൽ, ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പൂജ ഹത്‌വാല സൂപ്പർ റൈഡിൽ ഒരു ബോണസ് പോയിന്റ് അടക്കം നാല് പോയിന്റ് നേടിയതോടെ ഇന്ത്യ 14-9 എന്ന നിലയിൽ സ്‌കോർ ഉയർത്തി.
രണ്ടാം പകുതിയിൽ ചൈനീസ് തായ്‌പേയി പതിയെ കളം നിറഞ്ഞു. ഇന്ത്യയുടെ സൂപ്പർ താരം പുഷ്പ റാണയെ ടാക്കിൾ ചെയ്ത് രണ്ടു പോയിന്റ് നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം പാരമ്യത്തിലേക്ക് നീങ്ങിയപ്പോൾ ചൈനീസ് തായ്‌പേയി സ്‌കോർനില 21-19 എന്ന നിലയിലെത്തിച്ചു. പിന്നീട് പൂജ ഹത്‌വാലയും പൂജ റാണയും നടത്തിയ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബോണസ് പോയിന്റ് പരമാവധി വിട്ടുകൊടുക്കാതെയും ലൈനിൽ എതിരാളികളെ ടാക്കിൾ ചെയ്തുമായിരുന്നു ഇന്ത്യയുടെ പ്രതിരോധം. അതിനൊപ്പം മികച്ച റൈഡിങ് കൂടിയായതോടെ ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയുടെ മൂന്നാമത്തെ സുവർണനേട്ടമായി. ഇതിനുമുമ്പ് 2010, 2014 വർഷങ്ങളിലാണ് വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയത്. 2018ൽ വെള്ളിമെഡലാണ് ലഭിച്ചത്.
നേരത്തെ അമ്പെയ്ത്തില്‍ സ്വർണവും വെള്ളിയും സ്വന്തമാക്കിയാണ് 13-ാം ദിനം ഇന്ത്യ തുടങ്ങിയത്. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോംപൗണ്ട് റൗണ്ടില്‍ ഓജസ് ആണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ അഭിഷേകാണ് വെള്ളിയണിഞ്ഞത്. വനിതകളുടെ കോമ്പൗണ്ട് ആർച്ചറി വിഭാഗത്തിൽ ജ്യോതി സുരേഖയും ഇന്ത്യയ്ക്കായി സ്വർണം നേടി. ഇന്ന് കബഡയിലും ബാഡ്മിന്റണിലും ക്രിക്കറ്റിലും അമ്പെയ്ത്തിലും ഓരോ മെഡലകള്‍ കൂടി ഇന്ത്യ ഉറപ്പാക്കി. പുരുഷന്മാരുടെ ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്.
വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണ് ചൈനയിൽ. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് മെഡല്‍ വേട്ടയില്‍ ഇന്ത്യ നൂറ് കടക്കുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോഡ്.
English Summary: Asian Games 2023; India win gold in Kabaddi, archers shine with 3 medals.