Wednesday
17 December 2025
26.8 C
Kerala
HomeIndiaജനങ്ങളെ കൊള്ളയടിച്ചു കേന്ദ്രം, ഇന്ധനനികുതി നാലിരട്ടി വർധിച്ചു

ജനങ്ങളെ കൊള്ളയടിച്ചു കേന്ദ്രം, ഇന്ധനനികുതി നാലിരട്ടി വർധിച്ചു

പെട്രോൾ–- ഡീസൽ–- പ്രകൃതിവാതക നികുതിയിലൂടെ കേന്ദ്രം പിരിക്കുന്ന തുകയിൽ ആറുവർഷത്തിനിടെ വർധന നാലിരട്ടി. 2014–-15ൽ ഇന്ധനങ്ങളുടെ എക്‌സൈസ്‌ തീരുവയിലൂടെ സമാഹരിച്ചത്‌ 74158 കോടി. എന്നാൽ, 2020–-21ൽ 10 മാസത്തിനിടെ കേന്ദ്രം നേടിയത് 2.95 ലക്ഷം കോടി. പാർലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം കണക്ക് പുറത്തുവിട്ടത്.

മോഡി അധികാരമേറ്റ ശേഷമുള്ള ആദ്യ സാമ്പത്തികവർഷമായ 2014–-15ൽ പെട്രോൾ തീരുവയായി 29279 കോടിയും ഡീസലിൽ 42881 കോടിയും പ്രകൃതിവാതക തീരുവയായി 1998 കോടിയും പിരിച്ചു.

മോഡി അധികാരമേറ്റപ്പോൾ പെട്രോൾ ലിറ്ററിന്‌ 9.48 രൂപയും ഡീസൽ ലിറ്ററിൽ 3.56 രൂപയുമായിരുന്നു എക്‌സൈസ്‌ തീരുവ. നിലവിൽ തീരുവ പെട്രോളിന്‌ 32.90 രൂപയും ഡീസലിന്‌ 31.80 രൂപയും. പെട്രോൾ തീരുവ മൂന്നിരട്ടിയിലേറെയും ഡീസലിന് എട്ടിരട്ടിയോളവും കൂട്ടി.

കോവിഡ്‌ പ്രതിസന്ധിയിൽ സാധാരണക്കാർ നട്ടംതിരിയുമ്പോഴാണ് കേന്ദ്രം നികുതിനിരക്ക് കുത്തനെ കൂട്ടിയത്‌. പെട്രോൾ വിലയുടെ 36 ശതമാനവും ഡീസൽ വിലയുടെ 39 ശതമാനവും നിലവിൽ കേന്ദ്ര നികുതിയാണ്‌.

കോവിഡ്‌ രൂക്ഷമായ 2020 മാർച്ചിൽ പെട്രോൾ–- ഡീസൽ തീരുവ കേന്ദ്രം മൂന്നുരൂപ കൂട്ടി. പിന്നീട്‌ 2020 മെയിൽ പെട്രോൾ തീരുവ 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടി. കോവിഡിന്‌ മുമ്പ്‌ 2014 നവംബർ മുതൽ 2016 ജൂൺവരെ ഒമ്പത്‌ ഘട്ടമായി പെട്രോൾ നികുതി 11.77 രൂപയും ഡീസൽ നികുതി 13.47 രൂപയും മോഡി സർക്കാർ കൂട്ടി.

അഞ്ചിടത്തെ തെരഞ്ഞെടുപ്പ്‌ മുൻനിർത്തി എണ്ണക്കമ്പനികൾ പെട്രോൾ–- ഡീസൽ വില കുറച്ചേക്കുമെന്ന് സൂചന. ഒരാഴ്‌ചയിലേറെയായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നു. ആറ്‌ ശതമാനത്തിലേറെ വിലയിടിവുണ്ടായി. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്‌ നിലവിൽ ബാരലിന്‌ 60 ഡോളറിൽ താഴെയാണ്‌ വില.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം ഇന്ധന വില എണ്ണക്കമ്പനികൾ കൂട്ടിയിട്ടില്ല. കേന്ദ്ര നിർദേശത്തെ തുടർന്നാണിത്‌. കേന്ദ്രം തീരുവ കുത്തനെ കൂട്ടിയതോടെ രാജ്യത്ത്‌ പലയിടത്തും പെട്രോൾ വില ലിറ്ററിന്‌ നൂറു രൂപയ്‌ക്ക്‌ അടുത്തായി. ഡീസൽ വില 90 കടന്നു. ഇന്ധന വിലവർധന‌ പണപ്പെരുപ്പം ഉയരുന്നതിനും വഴിയൊരുക്കി.

നിത്യചടങ്ങായിരുന്ന ഇന്ധനവില കൂട്ടലിന് തെരഞ്ഞെടുപ്പു വന്നതോടെ കടിഞ്ഞാൺ. 24 ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ല. വില കൂട്ടുന്നത് സർക്കാരല്ല എണ്ണക്കമ്പനികളാണെന്ന കേന്ദ്ര ഭരണകക്ഷി വാദം ഇതോടെ പൊളിയുന്നു.

ലോക്‌ഡൗൺ കാലത്ത് എണ്ണവില 20 ഡോളറിലേക്ക് താഴ്ന്നപ്പോൾപോലും രാജ്യത്ത് എണ്ണവില കൂട്ടി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് എണ്ണവില ഉയർത്താതെ നിർത്തണമെന്ന കേന്ദ്രസർക്കാരിന്റെ ഇം​ഗിതമാണ് ഇപ്പോൾ എണ്ണ കമ്പനികൾ നിറവേറ്റുന്നത്.

ഫെബ്രുവരിയിൽ തുടർച്ചയായി 12 ദിവസംവില കൂട്ടി. ഫെബ്രുവരി നാലിന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന്‌ 58.98 ഡോളറും സംസ്ഥാനത്ത് പെട്രോൾ വില 88.53 രൂപയുമായി. ഫെബ്രുവരി 27ന് അന്താരാഷ്ട്ര വില 65.86 ഡോളറായി, സംസ്ഥാനത്ത് പെട്രോൾ വില 93.05 രൂപയും ഡീസലിന് 87.53 രൂപയുമായി. എന്നാൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം അഞ്ചിന് എണ്ണവില 69.95 ഡോളറായി ഉയർന്നിട്ടും വില കൂട്ടിയില്ല.

2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 19 ദിവസവും 2017ൽ ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ദിവസവും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആഴ്ചകളോളവും വില കൂട്ടിയില്ല. വോട്ടെടുപ്പിന്‌‌ പിറ്റേന്നുമുതൽ ഒമ്പതുദിവസം വില കൂട്ടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 12 ദിവസം പാചകവാതക വില കൂട്ടൽ നീട്ടിവച്ചു. വോട്ടെടുപ്പ് കഴിഞ്ഞ്‌ 146 രൂപ കൂട്ടി.

RELATED ARTICLES

Most Popular

Recent Comments