ജനക്ഷേമ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരണം: എസ്‌ ആർ പി

0
68

ജനക്ഷേമ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ തന്നെ അധികാരത്തിൽ വരണമെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ഇത്‌ ദേശീയ രാഷ്ട്രീയത്തിലും മാറ്റമുണ്ടാക്കുമെന്നും എസ് ആർ പി പറഞ്ഞു.

അഞ്ചു വർഷത്തെ എൽഡിഎഫ് ഭരണം സമാനതകളില്ലാത്ത വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും നടത്തി. എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഞീഴൂർ, തിരുവാർപ്പ്, കുമാരനല്ലൂർ എന്നിവിടങ്ങളിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആർ പി.

കോവിഡുകാലത്തും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുടക്കം വരുത്തിയില്ല. കാർഷികമേഖലയിലും പശ്ചാത്തല സൗകര്യങ്ങളിലും കേരളം വളർച്ച നേടി. കേരളത്തിൽ മാത്രമാണ്‌ നെൽകർഷകർക്ക്‌ റോയൽറ്റി കൊടുക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 40 ലക്ഷം ആളുകൾക്ക് ജോലി നൽകലാണ്‌ സർക്കാർ ലക്ഷ്യം.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയപ്പോൾ പിണറായി സർക്കാർ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു .

88 ലക്ഷം കുടുംബങ്ങളിലാണ് സൗജന്യറേഷൻ നൽകിയത്. ഭക്ഷ്യ കിറ്റുകളും വീടുകളിൽ എത്തിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത് . യുഡിഎഫും ബിജെപിയും അപ്രസക്തമായ വിഷയങ്ങൾ ഉയർത്തുമ്പോൾ ജനക്ഷേമത്തിന് മുൻതൂക്കം നൽകിയാണ് സർക്കാർ പ്രവർത്തിച്ചതെന്നും എസ്ആർപി പറഞ്ഞു . സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസലും ഒപ്പമുണ്ടായിരുന്നു.