ആശുപത്രിയിൽ ദിവസങ്ങളായി വൈദ്യുതിയില്ല; രോഗികളെ പരിശോധിക്കുന്നത് ഫോൺ ടോർച്ച് വെളിച്ചത്തിൽ

പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പേ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ.

0
260
കിലേപാല്‍ വാഹനാപകടത്തിൽ പരിക്കേറ്റവരെ ബസ്തർ സർക്കാർ ആശുപത്രിയിൽ ഫോൺ ടോർച്ച് വെളിച്ചത്തിൽ പരിശോധിക്കുന്ന ഡോക്ടർമാർ.

റായ്‌പുർ: അഞ്ചു ദിവസത്തിലേറെയായി വൈദ്യുതിവിതരണം നിലച്ചതോടെ ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത് മൊബൈൽ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റുകളുടെ വെളിച്ചത്തില്‍. ബസ്തർ ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയിലെ രോഗികൾക്കും ഡോക്ടർമാർക്കുമാണീ ദുര്യോഗമെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്നാണ് അഞ്ചുദിവസം മുമ്പ് ആശുപത്രിയിലെ വൈദ്യുതി ബന്ധം നിലച്ചത്. വിഷയം വൈദ്യുതി-ആരോഗ്യവകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.

വെള്ളിയാഴ്ച കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോഴും വൈദ്യുതി ഉണ്ടായിരുന്നില്ല. ഗുരുതര നിലയിലായവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ വൈദ്യുതിയില്ല. തുടർന്ന് പരിക്കേറ്റവരെ ദിമരപാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ മരിച്ച അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാൾക്കുപോലും കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ബസ്തർ ആശുപത്രിയിൽനിന്നും സാധിച്ചതുമില്ല. നിസാര പരിക്കേറ്റവരെ പരിശോധിച്ചതും പ്രാഥമിക ചികിത്സ നൽകിയതുമെല്ലാം ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചം ഉപയോഗിച്ചായിരുന്നു.

ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ ചികിത്സ കിട്ടാത്തതറിഞ്ഞ് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ കൈക്കൊണ്ടിരുന്നതായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പറഞ്ഞു. എന്നാൽ, ആശുപത്രിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പേ കത്ത് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അർജിത്ത് ചൗധരി പറഞ്ഞു. കനത്ത മഴയിൽ ഭിത്തികളിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കരണമാകുന്നുവെന്നും പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിനും പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായിട്ടും ഒരു ജനറേറ്റർ പോലും ഇവിടെയില്ല. മേഖലയുടെ സാഹചര്യം കണക്കിലെടുത്ത് ഒരു ജനറേറ്റർ സ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായിട്ടില്ല. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചതോടെ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു.

English Summary: Doctors Treat Injured Patients Under Phone Flashlights Amid Power Cut For 5 Days.