ഇനി ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സികൾ; ഒക്ടോബറിൽ പ്രവർത്തനം തുടങ്ങും

2030 ഓടെ ദുബൈയിലുടനീളം 4,000 ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറങ്ങും.

0
156

ദുബൈ: ദുബൈയുടെ നഗരവീഥികളിൽ ഒക്ടോബർ മുതൽ ഡ്രൈവറില്ലാത്ത ടാക്‌സികൾ ഓടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ജുമൈറ-1 ഏരിയയുടെ വിജയകരമായ ഡിജിറ്റൽ മാപ്പിങ് പൂർത്തിയായതായും പൂർണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഒക്ടോബറിൽ ആരംഭിക്കുമെന്നും ആർടിഎയിലെ ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി സ്ഥിരീകരിച്ചു.

ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാട്ടർ കനാലിനും ഇടയിലുള്ള ജുമൈറ റോഡിലെ എട്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് അഞ്ച് ഡ്രൈവറില്ലാ ടാക്‌സികൾ സർവീസ് നടത്തുക. എന്നാൽ, പൊതുജനങ്ങൾക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പൂർണതോതിലുള്ള സംവിധാനം അടുത്ത വർഷം മധ്യത്തോടെ മാത്രമേ തുടങ്ങുകയുള്ളു. ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് സെൽഫ് ടാക്‌സികൾ ഉപയോഗിക്കാൻ കഴിയും. ജനറൽ മോട്ടോഴ്‌സിന്റെ (ജിഎം) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെൽഫ് ഡ്രൈവിങ് ടെക്‌നോളജി കമ്പനിയായ ക്രൂയിസ് ആണ് സർവീസ് നടത്തുന്നത്.

ഓട്ടോമാറ്റിക് വാഹനങ്ങൾക്കായുള്ള റോഡ് നിയമങ്ങളും പൊതുനിയമങ്ങളും നേരത്തെ പാസാക്കിയിരുന്നു. ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും മനുഷ്യ ഇടപെടൽ ആവശ്യമായി വന്നാൽ ദുബൈ പൊലീസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നടപ്പാടും ഇതിനകം കൈക്കൊണ്ടുകഴിഞ്ഞു. 2030 ഓടെ ദുബൈയിലുടനീളം 4,000 ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറങ്ങും. ജുമൈറ ഏരിയയിൽ മണിക്കൂറിൽ 70 കിലോമീറ്ററായിരിക്കും വേഗപരിധി.

ക്രൂയിസ് ബോൾട്ട് ടാക്‌സികളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം. നിരക്ക് ആർടിഎ നിശ്ചയിച്ചിട്ടില്ല. ദുബായിലെ സാധാരണ ക്യാബുകളേക്കാൾ 30 ശതമാനം കൂടുതലുള്ള ലിമോ ടാക്‌സികളുടെ നിരക്കിനോട് തുല്യമായിരിക്കുമെന്നാണ് സൂചന. ഷെവർലെ ബോൾട്ട് കാറുകളാണ് സെൽഫ്‌ഡ്രൈവിങ് ടാക്‌സിയായി വരുന്നത്. പൂർണമായും ഇലക്ട്രികും എമിഷൻഫ്രീയുമാണ്.

ജുമൈറ-1 ഏരിയയുടെ ഡിജിറ്റൽ മാപ്പിങ് ആർടിഎയും ക്രൂയിസും ചേർന്ന പൂർത്തിയാക്കി. കഴിഞ്ഞ ജൂലൈ മുതൽ മനുഷ്യർ ഓടിക്കുന്ന രണ്ട് ഷെവർലെ ബോൾട്ട് ഇലക്ട്രിക് വാഹനങ്ങൾ ജുമൈറ ഏരിയയിലെ തെരുവുകൾ, കാൽനട ക്രോസിങുകൾ, അടയാളങ്ങൾ, മറ്റ് റോഡ് സവിശേഷതകൾ എന്നിവ റെക്കോഡ് ചെയ്ത് ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഡിജിറ്റൽ മാപ്പ് സൃഷ്ടിച്ചു. ഡിജിറ്റൽ മാപ്പിങിൽ തകരാറുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തെരുവിലെ കാൽനടയാത്രക്കാരായ അബായയും ഹിജാബും ധരിച്ചവരെ പോലും വേർതിരിച്ചറിയാൻ കഴിയുന്ന സംവിധാനം റെക്കോഡ് ചെയ്തിട്ടുണ്ട്. ലിഡാർ (വസ്തുക്കളുടെ ആകൃതി കണ്ടെത്തുന്നതിന് സമീപമുള്ള ഇൻഫ്രാറെഡ് പ്രകാശം ഉപയോഗിക്കുന്ന ലേസർ സെൻസർ), ക്യാമറകൾ, തെരുവുകളിലെ വസ്തുക്കളുടെയും ആളുകളുടെയും ദൂരം നിർണയിക്കുന്ന റഡാറുകൾ എന്നിവയുൾപ്പെടെയുള്ള ഒരു കൂട്ടം സെൻസറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു