35 കോടിയുടെ തിമിംഗലഛര്‍ദി കടത്ത്; 6 മലയാളികള്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയില്‍

0
324

35 കോടിയുടെ തിമിംഗല ഛര്‍ദിയുമായി ആറു മലയാളികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 36 കിലോ ആമ്പര്‍ഗ്രീസ് (തിമിംഗല ഛര്‍ദി) കണ്ടെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതികളുടെ കാര്‍ പരിശോധിച്ചപ്പോഴാണ് തിമിംഗല ഛര്‍ദിയെന്നറിയപ്പെടുന്ന ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ വിവേകാനന്ദന്‍, ജയന്‍ , ദിലീപ് , കൊല്ലം സ്വദേശി നൈജൂ, പാലക്കാട് സ്വദേശികളായ ബാലകൃഷ്ണന്‍, വീരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്.

തമിഴ്നാട് മാർത്താണ്ഡത്തിനടുത്ത് റെയില്‍വെ സ്റ്റേഷൻ റോഡിലാണ് മലയാളികളായ ആറ് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കാണുന്നത്. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ 35 കോടിയുടെ തിമിംഗല ഛര്‍ദ്ദി തമിഴ്നാട് പൊലീസ് കണ്ടെത്തി. 36
കിലോ തിമിംഗല ഛര്‍ദിയെന്ന ആമ്പര്‍ഗ്രിസാണ് കണ്ടെത്തിയത്. വില്പനക്കായി കൊണ്ടുവന്നതാണെന്ന് പിടിയിലവർ പൊലിസിൽ മൊഴി നൽകി. കൂടുതൽ ചോദ്യം ചെയ്യാനായി തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘത്തിന് കൈമാറി.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. കോടികളാണ് ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക