ന്യൂഡൽഹി: നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബിൽ നിയമമായി. പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ‘നാരീ ശക്തി വന്ദന്‍ അധിനിയാം’ എന്ന പേരിലുള്ള ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. ഇതോടെയാണ് വനിത സംവരണ ബിൽ യാഥാർഥ്യമായത്. രാഷ്‌ട്രപതി ഒപ്പുവെച്ചതിന് പിന്നാലെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ബില്ലിൽ ഒപ്പുവെച്ചിരുന്നു.
ബിൽ ഇപ്പോൾ നിയമമായാലും 2027 ന് ശേഷമാകും പ്രാബല്യത്തിൽ വരിക. 2027ല്‍ നടക്കുമെന്ന് കരുതുന്ന സെന്‍സസിനും പിന്നീടുള്ള മണ്ഡല പുനഃക്രമീകരണത്തിന് ശേഷമാകും നടപ്പിൽ വരിക. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാകില്ല. 2029ലേ സംവരണം പൂര്‍ണത്തോതില്‍ നടപ്പാവുകയുള്ളു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണവും നിയമത്തിലുണ്ടെങ്കിലും ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഇല്ല.
വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചത്. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വനിത സംവരണം 2026ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു