ക്യാബ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 9,000 കോടി; തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡി രാജിവെച്ചു

സെപ്തംബർ ഒമ്പതിനാണ് ക്യാബ് ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9,000 കോടി എത്തിയത്.

0
731

ചെന്നൈ: തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന്‍ രാജിവെച്ചു. ബാങ്കിന്റെ പിഴവ് കാരണം ചെന്നൈയിലെ ക്യാബ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്തിയതിന് പിന്നാലെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. രാജിക്കാര്യം ഡയറക്ടര്‍ ബോര്‍ഡ് സ്ഥിരീകരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് രാജി അംഗീകരിച്ചു. തീരുമാനം റിസർവ് ബാങ്കിനെ അറിയിച്ചു. ആർബിഐയിൽ നിന്ന് പുതിയ ഉത്തരവുണ്ടാകുന്നതുവരെ എസ് കൃഷ്‌ണൻ എംഡിയായി തുടരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

ചെന്നൈയിലെ ക്യാബ് ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് സെപ്തംബർ ഒമ്പതിനാണ് 9,000 കോടി രൂപ എത്തിയത്. തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് അയച്ച തുക അബദ്ധത്തിൽ രാജ്‌കുമാറിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ബാങ്ക് അധികൃതർ ഉടൻ തുക രാജ്‌കുമാറിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും ചെയ്തു. പിന്നാലെ രാജ്‌കുമാറിനെ ബാങ്കിലേക്ക് വിളിപ്പിക്കുകയും ചെയ്തു. സെപ്തംബർ ഒമ്പതിന് നടന്ന സംഭവം 21നാണ് പുറത്തറിയുന്നത്. ശേഷം ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകര്‍ ചെന്നൈ ത്യാഗരായ നഗറിലുള്ള ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. 9,000 കോടി രൂപയില്‍നിന്ന് രാജ്‌കുമാർ പിന്‍വലിച്ച 21,000 രൂപ തിരികെ നല്‍കേണ്ടെന്നും വാഹന വായ്പ നല്‍കാമെന്നും ബാങ്ക് അറിയിക്കുകയും ചെയ്തിരുന്നു.

ദേശീയ മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായതോടെ ബാങ്ക് അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന്റെ പൊടുന്നനെയുള്ള രാജി.

English Summary: Bank MD quits days after 9,000 crores mistakenly credited to Chennai cab driver.