ഏകദിന ലോകകപ്പ്; ഏഴുവർഷത്തിനുശേഷം പാകിസ്ഥാൻ ടീം ഇന്ത്യയിൽ

ഒക്ടോബര്‍ 14 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.

0
269

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബൈ വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പാക്ക് ടീം ഇന്ത്യയിൽ എത്തുന്നത്.

വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം അവസാന നിമിഷം പരിഹരിക്കപ്പെട്ടതിന് ശേഷമാണ് ബാബര്‍ അസമും സംഘവും ഇന്ത്യയിലെത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ അര്‍ധരാത്രിയിലും നൂറുകണക്കിന് ആരാധകർ വരവേറ്റു. പാക്ക് നായകൻ ബാബർ അസമിന്റെ പേരെടുത്ത് വിളിച്ച് ആരാധകര്‍ ആവേശം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹവും തിരിച്ച് അഭിവാദ്യം ചെയ്തു. പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ ആരാധകനായ ചാച്ചയും ടീമിനെ വരവേല്‍ക്കാന്‍ ഹൈദരാബാദിലുണ്ടായിരുന്നു. പാക് ടീമിന് ഇന്ത്യയില്‍ യാതൊരുവിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. ‘എല്ലാ ടീമുകള്‍ക്കും മികച്ച സുരക്ഷ സുരക്ഷ നല്‍കുമെന്നും നന്നായി പരിപാലിക്കുമെന്നും ബിസിസിഐ ഐസിസിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പിസിബി മാനേജ്‌മെന്റ് തലവന്‍ സാക്ക അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബര്‍ 29ന് പാകിസ്ഥാൻ ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദിലാണ് മത്സരം. 2016ന് ശേഷം ആദ്യമായാണ് പാക് ദേശീയ ടീം ഇന്ത്യയിലെത്തുന്നത്. അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബർ പതിനാലിന് അഹമ്മദാബാദിലാണ് നടക്കുക.

English Summary: ODI World Cup beginning on October 5.