1,500 രൂപ കൊള്ളപ്പലിശ നൽകിയില്ല; ബിഹാറിൽ ദളിത് യുവതിയെ നഗ്നയാക്കി മർദിച്ച് മൂത്രം കുടിപ്പിച്ചു

അക്രമികൾ ഭീഷണി മുഴക്കിയത് പൊലീസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

0
355

പട്ന: കൊള്ളപ്പലിശ നൽകിയില്ലെന്ന് ആരോപിച്ച് ബിഹാറിൽ ദളിത് യുവതിയെ നഗ്നയാക്കി മർദിച്ചശേഷം മൂത്രം കുടിപ്പിച്ചു. 9,000 രൂപയ്ക്ക് 1,500 രൂപ കൊള്ളപ്പലിശ നൽകാത്തതിനെതുടർന്നാണ് ഈ ക്രൂരതയെന്ന് വാർത്താ ഏജൻസിയായ ‘ഐഎഎൻഎസ്’ റിപ്പോർട്ട് ചെയ്തു. പട്‌ന ജില്ലയിലെ ഖുസ്‌റുപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം. ദളിത് യുവതിയെ മർദിച്ചശേഷം മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു. സംഭവശേഷം പ്രതികൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.

പ്രമോദ് സിങ്, മകൻ അൻഷു സിങ് എന്നിവർ ചേർന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. ഏതാനും മാസം മുമ്പ് പ്രമോദ് സിങ്ങിൽനിന്ന് ഇവർ 1,500 രൂപ കടം വാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, മൊത്തം തുക 9,000 രൂപ ആയെന്നും അതിന്റെ പലിശയായി 1,500 രൂപ നൽകണമെന്നും പ്രമോദ് സിങ് ആവശ്യപ്പെട്ടു. മുഴുവൻ തുകയും തിരിച്ചുതന്നുവെന്നും ഇനി അടക്കാനില്ലെന്നും യുവതി പറഞ്ഞു. കൊള്ളപ്പലിശ തന്നില്ലെങ്കിൽ ആൾക്കൂട്ടത്തിനു മുന്നിൽ നഗ്നയാക്കി നടത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇതിനെതിരെ യുവതി ഖുസ്‌റുപൂർ പൊലീസിൽ പരാതി നൽകി. ചോദ്യംചെയ്യാനായി പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസിൽ ഹാജരായതിനുശേഷമാണ് പ്രമോദ് സിങ് ഒരു സംഘവുമായി രാത്രി യുവതിയുടെ വീട്ടിലെത്തി മർദിച്ചത്. യുവതിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ക്രൂരമായി മർദിച്ചു. മകൻ അൻഷു സിങ്ങിനെക്കൊണ്ട് മുഖത്ത് മൂത്രമൊഴിപ്പിച്ചു. അക്രമികളുടെ പിടിയിൽനിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നേരത്തെ തന്നെ ഭീഷണിയുടെ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്നും യുവതി പറയുന്നു.

പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഖുസ്‌റുപൂർ എസ് എച്ച് ഒ സിയാറാം യാദവ് പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശുപത്രി വിട്ടാലുടൻ വിശദമായ മൊഴിയെടുക്കുമെന്നും ഡി എസ് പി ഫതുഹ എസ് യാദവും വ്യക്തമാക്കി.

English Summary: Bihar: Dalit woman had previously informed the police about threats.