കോട്ടയം: കെ ജി ജോർജിന് പകരം പി സി ജോർജിന്റെ ‘വിയോഗത്തിൽ’ ദുഃഖം രേഖപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ, താൻ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ച് പി സി ജോർജ്. “ഞാനിവിടെ ജീവിച്ചിരുപ്പുണ്ട്” എന്ന് തുടങ്ങുന്ന വീഡിയോ ആണ് പി സി ജോർജ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താൻ മരിച്ചിട്ടില്ലെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതിൽ വിഷമമുണ്ടെന്നുമായിരുന്നു ജോർജ് പറഞ്ഞത്.
സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തെക്കുറിച്ച് പ്രതികരണമെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകർ ചോദിച്ചപ്പോഴാണ് കെ സുധാകരൻ അബദ്ധത്തിൽ ചാടിയത്. ‘ജോര്‍ജ് നല്ലൊരു പൊതുപ്രവർത്തകൻ ആയിരുന്നു. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു. കഴിവും പ്രാപ്തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തിൽ ദുഃഖമുണ്ട്” എന്നായിരുന്നു സുധാകരനെ പറഞ്ഞത്.
സുധാകരൻ പറഞ്ഞത് പി സി ജോർജിനെക്കുറിച്ചാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അഭിപ്രായമുയർന്നു. വൈകിട്ടോടെ “പൂഞ്ഞാർ ആശാൻ പി സി ജോർജ്’ എന്ന തന്റെ എഫ്ബി പേജിൽ ജോർജ് വീഡിയോ ഇട്ടു. സംഭവം നിരവധി ട്രോളുകൾക്കും വഴിവച്ചു. സുധാകരന് അനുസ്മരിച്ചത് തന്നെ കുറിച്ചാണെങ്കില്‍ താന്‍ ജീവിച്ചിരുപ്പുണ്ടെന്നും അദ്ദേഹം ഇത് പറയുമ്പോള്‍ താന്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബാന കൂടുകയായിരുന്നുവെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.
പി സി ജോർജ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞതിങ്ങനെ.
“ഞാൻ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ പ്രിയങ്കരനായ സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാൻ മരിച്ചുവെന്നറിയിച്ച്, അദ്ദേഹത്തിന്റെ ദുഃഖത്തോട് കൂടിയുള്ള സംസാരം കേക്കാൻ എടയായി. ഞാനപ്പോ അരുവിത്തുറ പള്ളിയിൽ കുർബാന കൊണ്ടോണ്ടിരിക്കുവാ. ആളുകൾ ഓടിവന്ന് എന്നെ വിളിച്ചുപറഞ്ഞു. അതുകൊണ്ടാ ഞാൻ ഇറങ്ങിവന്നത്. ഏതായാലും സുധാകരനെ പോലൊരു മാന്യനായ നേതാവിനെയൊക്കെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ ശരിയോ ഇത് ഈ ചെയ്യുന്നത് എന്ന് ഓർക്കണം. ഞാൻ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. സുധാകരനെ പോലെയുള്ള ആളുകള്‍, നല്ല മനുഷ്യനാന്നേ. അദ്ദേഹത്തെയൊന്നും തെറ്റിദ്ധരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. നന്ദി.
English Summary: Sudhakaran’s mistake and George’s response to condolence.