തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുശേഷം സ്വർണ വില ഉയർന്നു. പവന് 80 രൂപ ഉയർന്ന് 43,960 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 5,495 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും സ്വർണവില താഴോട്ട് പോയിരുന്നു. പവന് 160 രൂപ ഇന്നലെ കുറഞ്ഞിരുന്നു. വ്യാഴാഴ്ച കുറഞ്ഞതാകട്ടെ പവന് 120 രൂപയും.
കഴിഞ്ഞ സെപ്റ്റംബർ 18ന് സ്വർണവില കുതിച്ചുയർന്നിരുന്നെങ്കിലും നാല് ദിവസത്തിന് ശേഷം സെപ്റ്റംബർ 21ന് വീണ്ടും ഇടിവിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണ നിരക്ക് സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്. സെപ്റ്റംബർ 13, 14 തീയിതികളിലാണ് ഏറ്റവും കുറഞ്ഞ വില. ആ ദിവസങ്ങളിൽ ഒരു പവന് 43,600 രൂപയായിരുന്നു.
ആഗോള വിപണിയിൽ വെള്ളിയുടെ വില നേരിയ നിലയിൽ ഉയർന്നിട്ടുണ്ട്. സ്പോട്ട് സിൽവർ വില ഔൺസിന് 0.56 ശതമാനം ഉയർന്ന് 23.82 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 79.30 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 634.40 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 79,300 രൂപയുമാണ് വില.
സ്വർണ വില കനത്ത ചാഞ്ചാട്ടം നേരിട്ടൊരു ആഴ്ചയാണ് അവസാനിക്കുന്നത്. ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വില രണ്ട് ദിവസമായി ഇടിഞ്ഞ ശേഷമാണ് കയറാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 18 ന് തിങ്കളാഴ്ച 120 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ചയും 120 രൂപ വര്‍ധിച്ച് 44,160 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. വ്യാഴാഴ്ചയാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 120 രൂപ ഇടിഞ്ഞ് 44,040 രൂപയിലേക്കും സെപ്റ്റംബര്‍ 22 ന് 160 രൂപ ഇടിഞ്ഞ് 43,880 രൂപയിലേക്കും സ്വര്‍ണ വില എത്തി.
ശനിയാഴ്ച 80 രൂപ വര്‍ധിച്ചെങ്കിലും ഈ വാരത്തില്‍ നേരിയ നേട്ടത്തിലാണ് സ്വര്‍ണ വില ക്ലോസ് ചെയ്യുന്നത്. ഞായറാഴ്ച രേഖപ്പെടുത്തിയ 43,920 രൂപയേക്കാള്‍ 40 രൂപയാണ് സ്വര്‍ണവില വാരാന്ത്യത്തില്‍ ഉയര്‍ന്നത്.
ഫെഡറൽ റിസർവിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് ഈ വാരം ആഗോള വിപണിയില്‍ സ്വർണ വിലയെ ചാഞ്ചാട്ടത്തിലാക്കിയത് 2024 ൽ പലിശ നിരക്ക് വർധനവ് വേണ്ടി വരുമെന്ന പ്രഖ്യാപനം സ്വർണ വിലയെ താഴ്ത്തി. ഡോളറും ബോണ്ട് യീൽഡും കരുത്താർജിച്ചതോടെയാണ് സ്വർണത്തിന് ഗ്ലാമർ നഷ്ടപ്പെട്ടത്.
മൂന്ന് സെഷനുകളിലെ നഷ്ടത്തിന് ശേഷം സ്പോട്ട് ഗോൾഡ് 0.3% ഉയർന്ന് ഔൺസിന് 1,925.52 ഡോളറിലെത്തി. ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴോട്ടിറങ്ങി. അതേസമയം 10 വർഷത്തെ ബെഞ്ച്മാർക്ക് ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഇടിഞ്ഞു. ഇതാണ് സ്വർണ വിലയ്ക്ക് നേട്ടമുണ്ടാക്കിയത്.