ഖത്തറില്‍ വിമാനയാത്രക്കാരുടെ എണ്ണത്തിന്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 28.1 ശതമാനം വര്‍ധനവ് ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് വിമാന സര്‍വീസുകളുടെ എണ്ണത്തിലും 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ മാസം 22,909 ഫ്ലൈറ്റുകളാണ് രാജ്യത്ത് വന്നുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 18,782 ആയിരുന്നു. ചരക്ക് നീക്കത്തിലും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ മാസം ഉണ്ടായത്. 3.5 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളിലായി യാത്രക്കാരുടെ ചരക്ക് നീക്കത്തിന്റെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൂലൈ മാസത്തില്‍ വിമാന യാത്രക്കാരുടെ എണ്ണം 4.3 ദശലക്ഷമായി ഉയര്‍ന്നു.