കരുവന്നൂർ ബാങ്ക്; വ്യാജമൊഴി നൽകാത്തതിന് സിപിഐ എം നേതാവിനെ ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചു

ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേര് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം.

0
174

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിപിഐ എം നേതാക്കൾക്കെതിരെ വ്യാജമൊഴി നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം കൗൺസിലറെ ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചു. വടക്കാഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഐ എം നേതാവുമായ പി ആർ അരവിന്ദാക്ഷനെയാണ് ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചത്. പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡി ഉദ്യോഗസ്ഥരുടെ മർദ്ദനം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുകയായിരുന്നു. ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദനം. സംഭവം വിവാദമായതോടെ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ഇ പി ജയരാജന്റെ പേര് പറയാന്‍ നിർബന്ധിക്കുകയും ചെയ്തു. അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിച്ചു. അറിയുന്ന എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാ രേഖകളും ഹാജരാക്കിയിട്ടും വ്യാജമൊഴി നൽകാൻ ഇ ഡി ഉപദ്രവിക്കുകയാണെന്നും അരവിന്ദാക്ഷന്‍ പറയുന്നു.

പി ആർ അരവിന്ദാക്ഷന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കൊച്ചി ഇഡി ഓഫീസിലെത്തി പ്രാഥമിക വിവരങ്ങൾ തേടി. പരാതിയില്‍ എഫ്ഐആര്‍ ഇടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിദഗ്ധോപദേശം തേടിയ ശേഷമായിരിക്കും നടപടി. അതേസമയം, മർദിച്ചിട്ടില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യൽ ക്യാമറക്കു മുന്നിലായിരുന്നുവെന്നും ഇ ഡി ഉദ്യോഗസ്ഥർ വാദിക്കുന്നു.

English Summary: CPI(M) leader beaten up by ED officials.