മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കെ സുരേന്ദ്രൻ

സുരേന്ദ്രനും കൂട്ടാളികളും വിടുതൽ ഹർജി സമർപ്പിച്ചു.

0
168

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യാഴാഴ്ചയും കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല. സെപ്തംബർ 21 ന് നിർബന്ധമായും നേരിട്ട് ഹാജരാവാൻ സുരേന്ദ്രനോടും കൂട്ടുപ്രതികളോടും കോടതി കർശന നിർദേശം നൽകിയിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കോഴക്കേസിൽ വ്യാഴാഴ്‌ച കെ സുരേന്ദ്രനും കൂട്ടാളികളും വിടുതൽ ഹർജി സമർപ്പിച്ചു. വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ നേരിട്ട് ഹാജരാകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകണോയെന്നത്‌ ഒക്ടോബർ നാലിന് വിശദമായ വാദം കേട്ട ശേഷം കോടതി തീരുമാനിക്കും. പട്ടിക ജാതി- പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുള്ളതിനാൽ വിടുതൽ ഹർജിയിൽ, കേസിൽ ഇരയായ കെ സുന്ദരയുടെ അഭിപ്രായവും തേടും. ഇതിനായി സുന്ദരയ്ക്ക് നോട്ടീസയച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.

കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്‌. സുരേന്ദ്രന്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌. ബിഎസ്‌ പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌.

English Summary: Election Corruption case; K Surendran did not appear court.