നടന്‍ പ്രകാശ് രാജിന് വധഭീഷണി; ആർഎസ്എസ് അനുകൂല യൂ ട്യൂബ് ചാനലിനെതിരെ കേസ്

സനാതന ധർമ്മത്തെ എതിർക്കുന്ന സ്റ്റാലിനെയും പ്രകാശ് രാജിനെയും തീർക്കേണ്ട എന്നും ചാനൽ ചോദിക്കുന്നു.

0
208

ബംഗളൂരു: സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ അനുകൂലിച്ചതിന് നടൻ പ്രകാശ്‌രാജിന് വധഭീഷണി. സനാതന ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെയാണ് കർണാടകത്തിലെ സംഘപരിവാര്‍ അനുകൂല യൂ ട്യൂബ് ചാനലായ ടി വി വിക്രമ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി. നടന്‍റെ പരാതിയില്‍ ബംഗളൂരു അശോക്‌നഗർ പൊലീസ് കേസെടുത്തു.

മൂന്നാഴ്ച മുമ്പാണ് ടി വി വിക്രമ പ്രകാശ്‌രാജിനെയും കുടുംബത്തെയും അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും വാർത്ത കൊടുത്തത്. പ്രകാശ് രാജ് കടുത്ത ഹിന്ദു വിരുദ്ധനാണെന്നും സനാതന ധർമത്തെപ്പറ്റി മോശമായി പറയുന്ന ആളാണെന്നും ചാനൽ പറയുന്നു.

‘സനാതന ധർമ്മത്തെ പ്രകാശ് രാജ്, ഉദയനിധി എന്നിവർ മോശമായി പറയുന്നത് കേട്ട് ഇവിടെയുള്ള ഹിന്ദുക്കളുടെ രക്തം തിളക്കുന്നില്ലേ’ എന്ന് ചോദിക്കുന്ന ടി വി വിക്രമ, ‘സ്റ്റാലിൻ, പ്രകാശ്‌ രാജിനെന്താവരന്നു മുഗിസബേക്കേ’ (സ്റ്റാലിനെയും പ്രകാശ് രാജിനെയും അവസാനിപ്പിക്കേണ്ടേ) എന്നും ആരായുന്നു. ഇതിൽ എന്താണ് ഇവിടെയുള്ള ഹിന്ദുക്കൾ നിർബന്ധമായും ചെയ്യേണ്ടതെന്ന് അവർ തന്നെ തീരുമാനിക്കൂ എന്നും പ്രകോപനപരമായ രീതിയിൽ ആഹ്വാനം ചെയ്യുന്നു. ഇതിനുപുറമെയാണ് കുടുംബത്തെയാകെ അധിക്ഷേപിച്ചുള്ള വാർത്തയും കൊടുത്തിരിക്കുന്നത്. വ്യക്തിപരമായും കുടുംബജീവിതത്തെയും ആകെ അവഹേളിച്ചാണ് ടി വി വിക്രമ വാർത്ത കൊടുത്തത്.

തുടർന്നാണ് പ്രകാശ് രാജ് പൊലീസില്‍ പരാതി കൊടുത്തത്. തന്‍റെ ജീവനും കുടുംബത്തിന്‍റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പരാമർശങ്ങൾ ടി വി വിക്രമ എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തതു എന്നും ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്നുമായിരുന്നു താരത്തിന്‍റെ പരാതി. ഐപിസി സെക്‌ഷൻ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണി മുഴക്കുന്ന വിഡിയോ ഇതിനകം 90,000ലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ നടത്തിയ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഇതിനുപുറമെ കൽബുർഗിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സനാതന ധർമം നടപ്പാക്കാൻ വരുന്നവർ ഹിന്ദുക്കളെന്നും ഹിന്ദുത്വത്തിന്റെ കരാറുകാരാണെന്നും പ്രകാശ് രാജ് വിമർശിച്ചിരുന്നു. തുടർന്നാണ് ആർഎസ്എസ് അനുകൂല യൂ ട്യൂബ് ചാനലായ ടി വി വിക്രമ വധഭീഷണി മുഴക്കിയത്.

എന്നാൽ, വധഭീഷണി മുഴക്കിയിട്ടില്ലെന്ന് ടി വി വിക്രമ അധികൃതർ പറഞ്ഞു. ഇന്ത്യ വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന പ്രകാശ് രാജ് അടക്കമുള്ളവരെ ബഹിഷ്ക്കരിക്കണമെന്നാണ് വീഡിയോയിൽ മഹേഷ് വിക്രം ഹെഗ്‌ഡെ ട്വിറ്ററിൽ കുറിച്ചു.

English Summary: FIR against YouTube channel T V Vikrama as Prakash Raj alleges threat.