യാത്രക്കിടെ വിമാനത്തിന്‍റെ എമര്‍ജൻസി വാതിൽ തുറക്കാൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ

ഇൻഡിഗോ 6ഇ 6341 വിമാനത്തിലായിരുന്നു സംഭവം.

0
212

ന്യൂഡൽഹി: വിമാന യാത്രക്കിടെ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറക്കാൻ യാത്രക്കാരന്റെ ശ്രമം. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ അപ്രതീക്ഷിത പെരുമാറ്റം വലിയ പരിഭ്രാന്തിയുണ്ടാക്കി.

ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ പുറപ്പെട്ട ഇൻഡിഗോ 6ഇ 6341 വിമാനത്തിലാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവം ഉണ്ടായത്. മണികണ്ഠന്‍ എന്നയാളാണ് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടനെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് ഇയാളെ കൈമാറി.

എന്തിനാണ് മണികണ്ഠൻ എങ്ങനെ ചെയ്‍തത് എന്നത് വ്യക്തമല്ല. സംഭവം നടന്നതായി ഇൻഡിഗോ എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു. മണികണ്ഠനെ സിഐഎസ്എഫ് ചോദ്യം ചെയ്തുവരികയാണ്. വിമാനത്തില്‍ നടന്ന സംഭവങ്ങൾ ഇന്‍ഡിഗോ അധികൃതര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസിലും പരാതി നല്‍കുമെന്ന് വിമാന കമ്പനി അറിയിച്ചു.

ഈ വർഷം ജൂലൈ, ഏപ്രിൽ മാസങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായി. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ജൂലൈ 8 നായിരുന്നു സംഭവം. 40 കാരനായ യാത്രക്കാരനാണ് ടേക്ക് ഓഫിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാൻ ശ്രമിച്ചത്. ഏപ്രിൽ മാസത്തിൽ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ കാൺപൂർ സ്വദേശിയായ പ്രതീക് എന്നയാളെ അറസ്റ്റ് ചെയ്തു.

English Summary: Authorities have ordered an investigation after a passenger tried to open an emergency door.