വനിതാ സംവരണ ബിൽ; രാജീവ് ഗാന്ധിയുടെ ആശയവും സ്വപ്‌നവും, പൂര്‍ണ പിന്തുണയെന്ന് സോണിയ

വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിട്ടതെന്ന് കേന്ദ്ര നിയമമന്ത്രി.

0
168

ന്യൂഡൽഹി: വനിതാസംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിയ ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ആശയവും സ്വപ്നവുമായിരുന്നു വനിതാ സംവരണമെന്ന് ചർച്ചക്ക് തുടക്കമിട്ട് സോണിയാ ഗാന്ധി പറഞ്ഞു. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും അവർ പറഞ്ഞു.

ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണ്. സാധ്യമായ രീതിയില്‍ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം. സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാന്‍ പ്രയാസമാണ്. വിശ്രമിക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉള്‍പ്പെടുത്തി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഈ ബില്ലിനെ പൂർണമായും പിന്തുണക്കുന്നതായി സോണിയ പറഞ്ഞു. ഈ ബില്‍ പാസാക്കിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, എന്നാല്‍ ആശങ്കയുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവരോട് കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയാണ്- സോണിയ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു.

ഏഴ് മണിക്കൂറാണ് ചര്‍ച്ചക്കായി അനുവദിച്ചിട്ടുള്ളത്. വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിടുന്നതെന്നും വനിതകൾക്ക് തുല്യത നൽകുന്ന ബില്ലാണ് ‘നാരി ശക്തി വന്ദൻ അദിനിയം’ എന്ന് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. ഈ ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നും നിയമ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ പാർലമെൻറിൽ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറി. അടുത്ത മണ്ഡല പുനർനിർണയത്തിനുശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനർനിർണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിത സംവരണമുണ്ടാകില്ല.

ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന്‌ സീറ്റുകളിൽ 15 വർഷത്തേക്കാണ്‌ വനിതാ സംവരണമെന്ന്‌ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാർലമെന്റിന്‌ നിയമനിർമാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയംവരെ ആ നിലയിൽ തുടരും. ഓരോ പുനർനിർണയത്തിനുശേഷവും സംവരണ മണ്ഡലങ്ങൾ ഊഴമിട്ട്‌ മാറും.

English Summary: Womens Reservation Bill Rajiv Gandhi’s dream says Sonia.