അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; തുറന്നുവിട്ട സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ച് മാഞ്ചോലയിലെ എസ്റ്റേറ്റിലെത്തി

0
161

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഏകദേശം 2000 തൊഴിലാളികൾ ഉള്ള പ്രദേശമായ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്. തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് ആന ഇവിടെ എത്തിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്.

അരിക്കൊമ്പൻ ഇന്നലെ രാത്രി മാത്രം 10 കിലോമീറ്ററാണ് നടന്നത്. ഇപ്പോൾ ആന കുതിരവട്ടിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതും സംരക്ഷിത വനമേഖലയാണെന്നാണ് തമിഴ്നാട് വനം വകുപ്പ് അറിയിക്കുന്നത്. ആന കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് തമിഴ്നാട് വനം വകുപ്പ് ഉറപ്പിച്ച് പറയുന്നത്. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശം ആണെന്നും അതിനാൽ അരിക്കൊമ്പൻ കേരളത്തിൽ എത്തില്ലെന്നും തന്നെയാണ് അവർ വ്യക്തമാക്കുന്നത്.

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് തള്ളിയിരുന്നു. ആനയെ എവിടെ വിടണമെന്ന് നിർദേശിയ്ക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും അത് തീരുമാനിയ്‌ക്കേണ്ടത് വനംവകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തിരുനെൽവേലി വനമേഖലയിൽ അരിക്കൊമ്പൻ സുഖമായി ഇരിയ്ക്കുന്നുവെന്ന് വനംവകുപ്പ് അന്ന് കോടതിയിൽ അറിയിച്ചിരുന്നു.

നേരത്തെ, അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റിട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് കേരളാ ഹൈക്കോടതിയുടെ വിമർശനം നേരിട്ടിരുന്നു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചിരുന്നു. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ഈ സ്ഥിതിക്ക് എന്തിന് ആനയെ തിരികെ കൊണ്ട് വരണമെന്നായിരുന്നു അന്ന് കോടതി ചോദിച്ചത്. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്.